 സെല്ലിൽ കയറാൻ പറഞ്ഞത് ഇഷ്ടമായില്ല റിമാൻഡ് പ്രതി ജയിൽ ഉദ്യോഗസ്ഥരുടെ കൈ ഒടിച്ചു

Thursday 25 December 2025 1:33 AM IST

കൊച്ചി: സെല്ലിൽ കയറാൻ പറഞ്ഞതിന്റെ ദേഷ്യത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ കൈകൾ റിമാൻഡ് പ്രതി തല്ലിയൊടിച്ചു. മട്ടാഞ്ചേരി സബ് ജയിലിലെ ഉദ്യോഗസ്ഥരായ ആലപ്പുഴ മാരാരിക്കുളം കണിച്ചുകുളങ്ങര തെക്കേമുറി വീട്ടിൽ റിജുമോൻ (31), എറണാകുളം ഐരാപുരം റബർപാർക്ക് കൊച്ചുവീട്ടിൽ ബിനു നാരായണൻ (32) എന്നിവർക്കാണ് പരിക്കേറ്റത്. റിജുമോന്റെ പരാതിയിൽ റിമാൻഡ് പ്രതി മട്ടാഞ്ചേരി പനയപ്പള്ളി ഇനിക്കൽ വീട്ടിൽ തൻസീർ അഹമ്മദിനെതിരെ (25) മട്ടാഞ്ചേരി പൊലീസ് കേസെടുത്തു.

ഇരുവരുടെയും വലതുകൈയാണ് ഒടിഞ്ഞത്. തൻസീറിനെ വിയ്യൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റി.

ചൊവ്വാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. ജയിൽപ്പുള്ളികൾക്ക് രാവിലെ കുളിക്കാനും ഭക്ഷണം കഴിക്കാനും അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും തൻസീർ പുറത്തു തുടർന്നതോടെയാണ് റിജുമോനും ബിനുവും സെല്ലിലേക്ക് പോകാൻ നിർദ്ദേശിച്ചത്. ഇത് തൻസീറിനെ ചൊടിപ്പിച്ചു. തുടർന്ന് വാക്കുതർക്കവും ഉന്തുംതള്ളുമായി. കുടിവെള്ളം ശേഖരിച്ചുവച്ചിരുന്ന വലിയ പാത്രത്തിന്റെ ഇരുമ്പ് മൂടിയെടുത്ത് തൻസീർ ഉദ്യോഗസ്ഥരെ ആക്രമിച്ചു. റിജുമോന്റെ വലതുകൈയിൽ അടിക്കുകയും ബിനുവിന്റെ കൈ പിടിച്ച് തിരിക്കുകയും ചെയ്തു. കൂടുതൽ ഉദ്യോഗസ്ഥരെത്തി പണിപ്പെട്ടാണ് തൻസീറിനെ കീഴ്‌പ്പെടുത്തിയത്. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഇരുവരെയും വകവരുത്തുമെന്നും പ്രതി ഭീഷണിപ്പെടുത്തി.

ഹാർബർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ ആക്രമിച്ച കേസിലാണ് തൻസീർ റിമാൻഡിലായത്. ജയിൽമാറ്റം ലക്ഷ്യമിട്ട് മനഃപൂർവം അക്രമം അഴിച്ചുവിട്ടതാണോയെന്ന സംശയവുമുണ്ട്. റിമാൻഡ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി തേടി മട്ടാഞ്ചേരി പൊലീസ് കോടതിയിൽ വീണ്ടും അപേക്ഷ നൽകും.