മുൻ സന്തോഷ് ട്രോഫി താരം എ.ശ്രീനിവാസൻ അന്തരിച്ചു

Thursday 25 December 2025 4:22 AM IST
എ. ശ്രീനിവാസന്‍

കണ്ണൂർ: മുൻ സംസ്ഥാന ഫുട്‌ബാൾ താരവും മാങ്ങാട്ടുപറമ്പ് കെ.എ.പി 4 ബറ്റാലിയൻ കമാൻഡന്റുമായ എ.ശ്രീനിവാസൻ (53) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗളൂരുവിലെ യൂണിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് രാവിലെ 10ന് മാങ്ങാട്ടുപറമ്പ് ബറ്റാലിയൻ ആസ്ഥാനത്ത് പൊതുദർശനത്തിന് ശേഷം 11 മണിയോടെ അത്താഴക്കുന്നിലെ വസതിയിലെത്തിക്കും. വൈകിട്ട് 3 മണിക്ക് കൊറ്റാളിയിലെ സമുദായ ശ്മശാനത്തിൽ സംസ്‌കാരം. 1992ൽ കേരളാ പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായി സേവനമാരംഭിച്ച ശ്രീനിവാസൻ, പിന്നീട് കെ.എ.പി 4 ബറ്റാലിയൻ കമാൻഡന്റായി ഉയർന്നു. പതിനൊമ്പതാം വയസ്സിൽ ഏഷ്യൻ ജൂനിയർ ടീമിൽ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞായിരുന്നു ശ്രീനിവാസന്റെ ഫുട്‌ബോൾ കരിയർ തുടങ്ങിയത്. തിരുവനന്തപുരം ജി.വി. രാജാ സ്‌പോർട്സ് സ്‌കൂളിൽ പഠിക്കുമ്പോൾ 1986, 1987, 1988 വർഷങ്ങളിൽ ഡൽഹിയിൽ നടന്ന സുബ്രദോ കപ്പ് ഫുട്‌ബോളിൽ സ്‌കൂൾ ടീമിനെ പ്രതിനിധീകരിച്ചു. 1988ൽ ജമ്മുവിൽ നടന്ന നാഷണൽ സ്‌കൂൾ ഫുട്‌ബോൾ മത്സരത്തിൽ കേരള സ്‌കൂൾ ടീമിനായി ഗോളടിച്ച് മികച്ച താരമായി. 1988ലെ പാലക്കാട് ജൂനിയർ നാഷണൽ ഫുട്‌ബോൾ മത്സരത്തിലും 1989ൽ ഷില്ലോംഗിൽ നടന്ന അണ്ടർ19 നാഷണൽ ജൂനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലും കേരള ടീമിന്റെ വൈസ് ക്യാപ്‌ടനായി. 1989ൽ ഫാക്ട് ഫുട്‌ബോൾ ടീമിലും 1990ൽ ജൂനിയർ ഇന്ത്യൻ ഫുട്‌ബോൾ ക്യാമ്പിലും തെരഞ്ഞെടുക്കപ്പെട്ടു. 1990ൽ കോഴിക്കോട് നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ടീമിനായി മാലിക്കെതിരെ നേടിയ വിജയഗോൾ ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ ഇടം നേടി. അതേ വർഷം ജക്കാർത്തയിൽ നടന്ന ഏഷ്യൻ യൂത്ത് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിൽ വടക്കൻ കൊറിയ, ഖത്തർ, ഇന്തോനേഷ്യ ടീമുകൾക്കെതിരായ മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചു. 1991ൽ കോയമ്പത്തൂരിൽ നടന്ന സന്തോഷ് ട്രോഫിയിൽ കേരള ടീമംഗമായിരുന്നു, 1992ൽ കേരളാ പോലീസ് ഫുട്‌ബോൾ ടീമിൽ ചേർന്നു. ലഖ്നൗ നാഷണൽ പോലീസ് ഗെയിംസിൽ കേരള പൊലീസിന് വേണ്ടി നിരവധി ഗോളുകൾ നേടി ടീമിനെ മൂന്നാം സ്ഥാനത്തെത്തിച്ചു. 1995ലെ ബോംബെ നാഷണൽ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്‌സ് അപ്പായ കേരള ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ചു. 1995ൽ കോഴിക്കോട് നടന്ന സീസേഴ്സ് കപ്പ് ഫുട്‌ബോളിൽ കൊൽക്കത്ത മുഹമ്മദൻസ് സ്‌പോർട്ടിങ്ങിനെതിരെ നേടിയ ഹാട്രിക്ക് പോലീസ് ടീമിന് ഉജ്ജ്വല വിജയം സമ്മാനിച്ചത് മികച്ച പ്രകടനങ്ങളിലൊന്നാണ്. ഭാര്യ: ബീന (ഫാർമസിസ്റ്റ്, പി.എച്ച്.സി പറശ്ശിനിക്കടവ്).മക്കൾ: വിഷ്ണു (വിദ്യാർത്ഥി, എറണാകുളം), അമീഷ (ഫോറൻസിക് സയൻസ് വിദ്യാർത്ഥിനി, ബംഗളൂരു).

ബോക്‌സിംഗ് ഡേ ടെസ്‌റ്റ്:

ആർച്ചറും പോപ്പുമില്ല

മെൽബൺ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് നാളെ തുടങ്ങും. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസീസ് പരമ്പര നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു. നാലാം ടെസ്‌റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ജോഫ്ര ആർച്ചർക്കും മോശം ഫോമിലുള്ല ഒല്ലി പോപ്പിനും പകരം ഗസ് അറ്റ്‌കിൻസണും ജേക്കബ് ബെഥേലും കളിക്കും. ഇംഗ്ലീഷ് താരങ്ങൾ

പരസ്യമായ മദ്യപാനം ഉൾപ്പെടെയുള്ള ആരോപണം നേരിടുന്ന പശ്ചാത്തലത്തിലാണ് നാലാം ടെസ്റ്റ് നടക്കുന്നത്.