മദ്യലഹരിയിൽ സീരിയൽ നടൻ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; റോഡിൽ കയ്യാങ്കളി

Thursday 25 December 2025 9:39 AM IST

കോട്ടയം: മദ്യലഹരിയിൽ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. അപകടം കണ്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെയും പൊലീസിനെയും താരം ആക്രമിച്ചതായും പരാതിയുണ്ട്. ഒടുവിൽ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് നടനെ കസ്റ്റ‌ിയിലെടുത്തു.

ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവൺമെന്റ് കോളേജിന് സമീപത്താണ് അപകടം നടന്നത്. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർത്ഥ് ഓടിച്ച കാർ നിയന്ത്രണം നഷ്ടമായി കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാൽനടയാത്രക്കാരൻ റോഡിലേക്ക് വീണു. ഇയാളെ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സിദ്ധാർത്ഥുമായി വാക്കുതർക്കമുണ്ടായി. നടൻ നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ കയ്യാങ്കളിയായി. പിന്നാലെയാണ് പൊലീസെത്തി നടനെ കസ്റ്റഡിയിലെടുത്തത്.