തിരുപ്പിറവിയുടെ സ്‌മരണയിൽ ക്രിസ്‌മസ് ആഘോഷിച്ച് മലയാളികൾ

Thursday 25 December 2025 4:33 PM IST

തിരുവനന്തപുരം: സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം പരത്തി പ്രാർത്ഥനകളോടെ തിരുപ്പിറവി ആഘോഷിച്ച് കേരളം. വീടുകളും വീഥികളും ദീപങ്ങളാലും നക്ഷത്രങ്ങളാലും അലങ്കരിച്ചാണ് വിശ്വാസികൾ ക്രിസ്തുദേവന്റെ തിരുപ്പിറവിയെ വരവേറ്റത്. ദീപാലങ്കാരങ്ങളും നക്ഷത്രങ്ങളും പുൽക്കൂടുകളും ഒരുക്കിയാണ് പള്ളികൾ ക്രിസ്മസിനെ വരവേൽക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ മിക്ക ദേവാലയങ്ങളിലും ഇന്നലെ പാതിരാ കുർബ്ബാനയും പ്രാർത്ഥനയും നടന്നു.

പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്നലെ രാത്രി നടന്ന തിരുപ്പിറവി കുർബ്ബാനയ്ക്കും പ്രാർത്ഥനകൾക്കും കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകി. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ഇന്നലെ രാത്രി തിരുപ്പിറവി ദിവ്യബലി നടന്നു. ഇന്നും ദിവ്യബലി നടക്കും. പി.എം.ജി ലൂർദ്ദ് ഫെറോന പള്ളിയിൽ ചങ്ങനാശേരി അതിരൂപത വികാരി ജനറൽ ഫാ.ജോൺ തെക്കേക്കര പാതിര കുർബ്ബാനയ്ക്ക് കാർമ്മികത്വം വഹിച്ചു.

പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ രാത്രി മൂന്നിനാണ് കുർബ്ബാന. എം.ജി.ഒ.സി.എസ്.എം സ്റ്റഡി സെന്ററിലെ ചാപ്പലിൽ രാത്രി 8ന് പ്രാർത്ഥനയും തുടർന്ന് കുർബാനയും നടന്നു. നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ രാത്രി 3.30ന് തീജ്വാല ശുശ്രൂഷയും കുർബാനയും മുട്ടട ഹോളിക്രോസ് ദേവാലയത്തിൽ രാത്രി 10.30ന് ക്രിസ്മസ് കരോളും 11.30ന് തിരുപ്പിറവ് കുർബ്ബാനയും നടത്തി.