വാളയാർ ആൾക്കൂട്ട കൊലപാതകം; ഒരാൾ കൂടി പിടിയിൽ, ഇതുവരെ അറസ്റ്റ് ചെയ്തത് എട്ടുപേരെ
പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അട്ടപ്പളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഛത്തീസ്‌ഗഡ് സ്വദേശിയായ രാം നാരായണനെ കള്ളൻ എന്ന് ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. അവശനായ രാം നാരായൺ പിറ്റേന്ന് രാത്രിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്‌തു.
എസ്‌സി/ എസ്‌ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെയാണ് അട്ടപ്പള്ളം സ്വദേശികളായ വിനോദ് (54) ജഗദീഷ് (49) എന്നിവരെ അറസ്റ്റ് ചെയ്തത്. ക്രൈം ബ്രാഞ്ച് ഡിവൈ. എസ്. പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. വീഡിയോ ദൃശ്യങ്ങൾ വഴി മർദ്ദനത്തിൽ പങ്കാളികളായി എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. സംഭവത്തിൽ അഞ്ച് പേരെ നേരത്തെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, കൊല്ലപ്പെട്ട രാം നാരായണിന്റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചിരുന്നു. 30 ലക്ഷം രൂപ സഹായം നൽകാനാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. സംഭവം കേരളത്തിൽ വലിയ രാഷ്‌ട്രീയ വിവാദമായി മാറിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചത്. ഛത്തീസ്‌ഗഡ് സർക്കാരും രാം നാരായണിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.