ലോക്ഭവനില്‍ ക്രിസ്മസ് അവധി നിഷേധിച്ചത് പ്രതിഷേധാര്‍ഹം; വിശദീകരണം കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമെന്ന് ശിവന്‍കുട്ടി
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ ജീവനക്കാര്‍ക്ക് അവധി നിഷേധിച്ചുകൊണ്ട് ലോക് ഭവനില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഉത്തര്‍പ്രദേശില്‍ സ്‌കൂളുകള്‍ക്ക് ഉള്‍പ്പെടെ അവധി നിഷേധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകളുടെ തുടര്‍ച്ചയാണ് ലോക് ഭവനിലെയും ഈ നടപടി. വിവാദമായപ്പോള്‍ പരിപാടിയിലെ പങ്കാളിത്തം 'ഓപ്ഷണല്‍' ആണെന്നുള്ള ലോക്ഭവന്‍ അധികൃതരുടെ വിശദീകരണം കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്.
ഒരു പ്രധാന ആഘോഷദിവസം ഓഫീസില്‍ ഹാജരാകാന്‍ പറയുന്നതുതന്നെ ജനാധിപത്യ വിരുദ്ധവും തൊഴില്‍ നീതിക്ക് നിരക്കാത്തതുമാണ്. മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം നിലനില്‍ക്കെ 'ഓപ്ഷണല്‍' എന്നത് പേരിന് മാത്രമായി മാറും. സാര്‍വദേശീയമായ ഒരു ആഘോഷദിനത്തെ ഇത്തരത്തില്‍ പരിപാടികള്‍ക്കായി ഉപയോഗിക്കുന്നത് മതനിരപേക്ഷ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത്തരം പ്രവണതകള്‍ തിരുത്തപ്പെടേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.