ജനുവരിയില്‍ നരേന്ദ്ര മോദി കേരളത്തില്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍ കാത്ത് തിരുവനന്തപുരം

Thursday 25 December 2025 8:10 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 ജനുവരിയില്‍ കേരളത്തിലെത്തും. വികസിത അനന്തപുരി എന്ന പേരില്‍ തിരുവനന്തപുരം നഗരത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വികസരേഖ പ്രധാനമന്ത്രി നേരിട്ട് പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാല്‍ ജനുവരിമാസത്തില്‍ എപ്പോഴാണ് പ്രധാനമന്ത്രി എത്തുന്നത് എന്നത് സംബന്ധിച്ച സ്ഥിരീകരണം പിന്നീട് മാത്രമേ ഉണ്ടാകുകയുള്ളൂ. ജനുവരി ഒമ്പതിന് തമിഴ്‌നാട്ടില്‍ പാര്‍ട്ടി പരിപാടിക്കായി മോദി എത്തുന്നുണ്ട്.

തിരുവനന്തപുരം നഗരസഭയിലെ ബിജെപിയുടെ വിജയം ഫലപ്രഖ്യാപന ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. കേരളം പിടിക്കാന്‍ ലക്ഷ്യമിടുന്ന ബിജെപിക്ക് ഇത് വലിയ ആവേശമാണ് സമ്മാനിച്ചത്. കോര്‍പ്പറേഷനില്‍ അധികാരത്തിലെത്തിയാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്നും നഗരത്തിന് പ്രത്യേക വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനമായി അവതരിപ്പിച്ചിരുന്നു.

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി, ഒളിമ്പിക്‌സ് വേദി എന്നിവയും ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു. ഇതില്‍ മെട്രോ പദ്ധതി കേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ളതാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയെന്ന നിര്‍ണായക കടമ്പ കടക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ബിജെപിക്ക് കേരളത്തില്‍ ആദ്യമായി ഭരണം ലഭിച്ച തലസ്ഥാന നഗരത്തില്‍ മെട്രോ പദ്ധതിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപിച്ചാല്‍ അത് പാര്‍ട്ടിക്ക് വലിയ സ്വീകാര്യതയുണ്ടാക്കുമെന്ന് നേതൃത്വം തിരിച്ചറിയുന്നുണ്ട്.

മെട്രോ റെയിലിന് പുറമേ മറ്റ് പദ്ധതികളും സ്മാര്‍ട് സിറ്റിയുടെ ഭാഗമായുള്ള തുടര്‍ വികസരേഖയും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുമായി പ്രധാനമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. ജനുവരി 9ന് മോദി തമിഴ്‌നാട്ടിലും എത്തും. പുതുക്കോട്ടയില്‍ തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്റെ സംസ്ഥാന പര്യടന സമാപന സമ്മേളനത്തില്‍ മോദി പങ്കെടുക്കുന്നുണ്ട്.