'ഇതാണോ പ്രബുദ്ധകേരളം? കഴുത്ത് ഞെരിച്ച് റോഡിലിട്ട് തല്ലുന്നു'; വിമർശിച്ച് നടൻ ജിഷിൻ മോഹൻ

Friday 26 December 2025 7:42 AM IST

കോട്ടയം: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനോടുള്ള നാട്ടുകാരുടെ പെരുമാറ്റത്തിൽ പ്രതികരിച്ച് നടൻ ജിഷിൻ മോഹൻ. നാട്ടുകാരുടെ പ്രവൃത്തിയെ വിമർശിച്ചുകൊണ്ടാണ് ജിഷിൻ രംഗത്തെത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നതിനെയോ അപകടം ഉണ്ടാക്കുന്നതിനെയോ താൻ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ നാട്ടുകാർ ചെയ്ത പ്രവൃത്തി ഭീകരമായി തോന്നിയെന്നുമാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ജിഷിൻ മോഹൻ പ്രതികരിച്ചു.

"എന്റെ സഹപ്രവർത്തകൻ സിദ്ധാർത്ഥ് മദ്യപിച്ച് വണ്ടിയോടിച്ചു. ആ വണ്ടിയൊരാളെ തട്ടി. ഇതിനെ ന്യായീകരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നില്ല. ഇതിൽ നാട്ടുകാർ ചെയ്ത പ്രവൃത്തി ഭീകരമായിട്ട് തോന്നി. ഇവർ ചെയ്തത് ക്രിമിനൽ ആക്ടിവിറ്റിയാണ്. മദ്യപിച്ചയാളെ പൊലീസിൽ ഏൽപ്പിക്കുകയാണ് വേണ്ടത്. നാട്ടുകാർ ഇവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുന്നു. ഇതാണോ കേരളം, ഇതാണോ പ്രബുദ്ധകേരളം?മധുവിനെ തല്ലിക്കൊന്നപ്പോൾ കുറേപേർ പരിതപിച്ചിരുന്നു. എവിടെ പരിതാപമൊന്നുമില്ലേ ആർക്കും. എന്തേ, കാരണം അവൻ ആർട്ടിസ്റ്റാണ്, സെലിബ്രിറ്റിയാണ്" -ജിഷിൻ വീഡിയോയിൽ പറയുന്നു.

ബുധനാഴ്ച രാത്രി എംസി റോഡിൽ നാട്ടകം ഗവൺമെന്റ് കോളേജിന് സമീപത്തായാണ് അപകടം നടന്നത്. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർത്ഥ് ഓടിച്ച കാർ നിയന്ത്രണം നഷ്ടമായി കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാൽനടയാത്രക്കാരൻ റോഡിലേക്ക് വീണു. ഇയാളെ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സിദ്ധാർത്ഥുമായി വാക്കുതർക്കമുണ്ടായി. നടൻ നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ കയ്യാങ്കളിയായി. പിന്നാലെയാണ് ചിങ്ങവനം പൊലീസെത്തി നടനെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.