വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി, കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് വനംവകുപ്പ്
കൽപ്പറ്റ: വയനാട് വണ്ടിക്കടവ് ഭാഗത്ത് ജനവാസ മേഖലയിലിറങ്ങി നിരന്തരം ഭീതി പരത്തിയ കടുവ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ കടുവ കുടുങ്ങിയത്. ഡബ്ല്യു ഡബ്ല്യു എൽ 48 എന്ന് തിരിച്ചറിഞ്ഞ ഈ കടുവയാണ് ആദിവാസി മൂപ്പൻ മാരനെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വണ്ടിക്കടവ് ഭാഗത്ത് നിരന്തരം വളർത്തുമൃഗങ്ങളെ വേട്ടയാടിയിരുന്നതും ഇതേ കടുവയാണെന്ന് അധികൃതർ വ്യക്തമാക്കി.
2018 മുതൽ ഈ വനമേഖലയിൽ ഡബ്ല്യു ഡബ്ല്യു എൽ 48 കടുവയുടെ സാന്നിദ്ധ്യം വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. ഇടയ്ക്ക് കാണാതായ കടുവ അടുത്തിടെയാണ് വീണ്ടും നാട്ടിലിറങ്ങി തുടങ്ങിയത്. കടുവയെ തിരികെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ഏകദേശം 14 വയസുള്ള കടുവയ്ക്ക് പ്രായാധിക്യം മൂലം ഇരതേടാനുള്ള ശേഷിക്കുറവ് ഉണ്ടായേക്കാമെന്നും അതുകൊണ്ടാവാം ഇത് നാട്ടിലേക്ക് ഇറങ്ങുന്നതെന്നും വിലയിരുത്തുന്നു. നിലവിൽ കടുവയെ ആരോഗ്യപരിശോധനകൾക്കുശേഷം വനംവകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. അവിടെ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ നിരന്തരമായ പരിശോധനകൾക്ക് വിധേയമാക്കും.
അതേസമയം, വണ്ടിക്കടവ് ഭാഗത്ത് മറ്റ് മൂന്ന് കടുവകളുടെ കാൽപ്പാടുകൾ കൂടി കണ്ടതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. നിലവിൽ കടുവകളുടെ പ്രജനന കാലമായതിനാൽ വനംവിട്ട് നാട്ടിലേക്ക് ഇറങ്ങാനുള്ള സാദ്ധ്യത കൂടുതലാണെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ കന്നുകാലികളെ മേയ്ക്കാനോ വിറക് ശേഖരിക്കാനോ വനത്തിനുള്ളിലേക്ക് പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.