തടവുകാരിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവം; ജയിൽ മേധാവിക്കും പങ്ക്, വെളിപ്പെടുത്തലുമായി മുൻ ഡിഐജി
തിരുവനന്തപുരം: തടവുകാരിൽ നിന്നും കൈക്കൂലി വാങ്ങിയതിന്റെ പേരിൽ സസ്‌പെന്റ് ചെയ്യപ്പെട്ട ഡിഐജി എംകെ വിനോദ് കുമാറുമായി ജയിൽ മേധാവിക്ക് അടുത്ത ബന്ധമെന്ന് മുൻ ജയിൽ ഡിഐജി പി അജയകുമാർ. ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായയ്‌ക്കും അഴിമതിയുടെ വിഹിതം ലഭിച്ചിട്ടുണ്ടെന്ന് അജയകുമാർ ആരോപിച്ചു.
വിനോദ് കുമാറിനെതിരെ പരാതി നൽകിയതിന്റെ പേരിൽ ബൽറാം കുമാർ ഉപാദ്ധ്യായ തന്നോട് വൈരാഗ്യത്തോടെ പെരുമാറിയെന്ന് അജയകുമാർ പറയുന്നു. പരോൾ അനുവദിക്കുന്നതിനുൾപ്പെടെ തടവുകാരിൽ നിന്നും ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തിലിനെ തുടർന്നാണ് വിനോദ് കുമാറിനെ സസ്‌പെന്റ് ചെയ്‌തത്. ഇതിനു പിന്നാലെയാണ് ജയിൽ മേധാവിക്കും സംഭവത്തിൽ പങ്കുണ്ടെന്ന് അജയകുമാർ വെളിപ്പെടുത്തിയത്.
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ നൽകിയതിന് പിന്നിലും രണ്ട് ഉദ്യോഗസ്ഥരും തമ്മിൽ ധാരണയുണ്ടായിട്ടുണ്ടെന്നും ജയിൽ സൂപ്രണ്ട്, പൊലീസ് എന്നിവരുടെ റിപ്പോർട്ടുകൾ ഇതിനായി അട്ടിമറിച്ചെന്നും അജയകുമാർ ആരോപിച്ചു.