'മേയറാക്കാൻ പണം ചോദിച്ചു': തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി, തുറന്നടിച്ച് വനിതാ നേതാവ്

Friday 26 December 2025 10:38 AM IST

തൃശൂർ: മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ തൃശൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി. ഡോക്ടർ നിജി ജസ്റ്റിനെ മേയറായി പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മേയർ സ്ഥാനാർത്ഥിയായി പാർട്ടിയുടെ പ്രഥമപരിഗണനയിലുണ്ടായിരുന്ന ലാലി ജയിംസാണ് പരസ്യ ആരോപണവുമായി രംഗത്തെത്തിയത്. പണം വാങ്ങി മേയർ പദവിയിൽ നിന്ന് തന്നെ തഴഞ്ഞെന്നാണ് അവർ ആരോപിക്കുന്നത്. ഇന്നുനടക്കുന്ന മേയർ തിരഞ്ഞെടുപ്പിനുള്ള പാർട്ടി വിപ്പ് സ്വീകരിക്കാനും അവർ തയ്യാറായില്ല.

'എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നറിയില്ല. മൂന്നുദിവസം മുമ്പ് ഡിസിസിയിലേക്ക് വിളിപ്പിച്ചിരുന്നു. പാർട്ടിക്ക് പ്രവർത്തിക്കാൻ ഫണ്ട് ആവശ്യമാണെന്ന് അറിയാമല്ലോ എന്ന് ഡിസിസി അദ്ധ്യക്ഷൻ ജോസഫ് ടാജറ്റ് ചോദിച്ചു. എന്റെ കയ്യിൽ പണമില്ലെന്ന് പറഞ്ഞു. ഇത്രയും കാലത്തെ പൊതുപ്രവർത്തനത്തെ പണമുണ്ടാക്കാൻ ഉപയോഗിച്ചിട്ടില്ല എന്നും മറുപടി കൊടുത്തു.

കഴിഞ്ഞദിവസം മുമ്പുളള രാത്രിയും വിളിപ്പിച്ചിരന്നു. ടിഎൻ പ്രതാപൻ, വിൻസെന്റ് , ടാജറ്റ് എന്നിവരാണ് അപ്പോൾ അവിടെയുണ്ടായിരുന്നത്. രണ്ടോ മൂന്നോ ടേമിലേക്ക് സ്വീകരിക്കുമോ എന്ന് ചോദിച്ചു. എന്നെ പ്രഥമ പരിഗണനയിൽ നിന്ന് മാറ്റാനുളള കാര്യത്തെക്കുറിച്ച് എനിക്കറിയില്ല. ആദ്യത്തെ ഒരുവർഷം മാത്രം മതി. ബാക്കി നാലുവർഷം ഒരാൾക്ക് കൊടുത്തോളൂ എന്ന് ഞാൻ പറഞ്ഞു. അതുമാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്. അത് നടക്കില്ലെന്നും രണ്ടോ മൂന്നോ ടേമിലേക്ക് പരിഗണിക്കാമെന്നും അവർ അറിയിച്ചു. നിജി ജസ്റ്റിനെ അംഗീകരിക്കുകയാണെങ്കിൽ സുധി ബാബുവിന് രണ്ടാം ഘട്ടം കൊടുത്തോളൂ,എന്നെ ഒഴിവാക്കിക്കോ എന്നും ഞാൻ പറഞ്ഞു.

എന്റെ കൈയിൽ നൽകാൻ ചില്ലിക്കാശില്ല. പാർട്ടി ഫണ്ടോ മറ്റുകാര്യങ്ങളോ കൊടുക്കാൻ തയ്യാറുള്ള ഒരാളെ തിരഞ്ഞെടുത്തുവെന്ന് എനിക്ക് സംശയമുണ്ട്. പണവുമായി ഭാര്യയും ഭർത്താവും പോകുന്നുവെന്ന് പുറത്തുള്ളവർ പറഞ്ഞിരുന്നു. എനിക്കിപ്പോൾ സംശയമുണ്ട്. നിജി ജസ്റ്റിനെ പാർട്ടി പ്രവർത്തനങ്ങളിൽ കണ്ടിട്ടില്ല'- ലാലി പറഞ്ഞു. തനിക്കെതിരെ നടപടിയെടുത്താൽ എല്ലാം തുറന്നുപറയുമെന്നും ലാലി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ലാലിയുടെ ആരോപണങ്ങൾ എല്ലാം ഡിസിസി തള്ളിക്കളഞ്ഞു. ലാലിക്കുള്ള മറുപടി പാർട്ടി നൽകുമെന്ന് നിജിയും വ്യക്തമാക്കി. അതിനിടെ ലാലിയെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.