2026ൽ യുഎഇയിൽ പ്രാബല്യത്തിൽ വരുന്നത് വൻ മാറ്റങ്ങൾ; പ്രവാസികളും സന്ദർശകരും അറിഞ്ഞില്ലെങ്കിൽ പിഴ ഉറപ്പ്

Friday 26 December 2025 11:07 AM IST

ദുബായ്: 2026 ജനുവരി ഒന്നുമുതൽ യുഎഇയിൽ സുപ്രധാന നയങ്ങളിൽ മാറ്റമുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെയും ഈ മാറ്റങ്ങൾ ബാധിക്കും. ജനുവരി ഒന്ന് പൊതു- സ്വകാര്യ മേഖലയിൽ പൊതുഅവധിയാണ്. എന്തൊക്കെയാണ് പുതുവർഷത്തിൽ യുഎഇയിൽ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങളെന്നറിയാം.

  • ജനുവരി രണ്ടുമുതൽ വെള്ളിയാഴ്‌ചകളിലെ പ്രാർത്ഥന ഉച്ചയ്ക്ക് 12.45നായിരിക്കും നടക്കുക.
  • ദേശീയ തലത്തിൽ പ്രാർത്ഥനാസമയത്തിൽ വന്ന മാറ്റം കണക്കിലെടുത്ത് ദുബായിലെ ഒട്ടുമിക്ക സ്വകാര്യ സ്‌കൂളുകളും ഇനി മുതൽ വെള്ളിയാഴ്‌ചകളിൽ പ്രവൃത്തിസമയം നേരത്തെ അവസാനിപ്പിക്കും. ദുബായിലെ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും വെള്ളിയാഴ്‌ചകളിൽ 11.30വരെയേ പ്രവർത്തിക്കാൻ പാടുള്ളുവെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി നി‌ർദേശം നൽകിയിരുന്നു. ജനുവരി ഒൻപത് മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും.
  • മധുര പാനീയങ്ങൾക്ക് പുതിയ നികുതി സംവിധാനം ജനുവരി ഒന്നുമുതൽ നിലവിൽ വരും. പഞ്ചസാര ചേർത്ത എല്ലാ പാനീയങ്ങൾക്കും നിലവിൽ 50 ശതമാനം നികുതിയാണുള്ളത്. ഇതിനുപകരം ഒരു ശ്രേണിയിലുള്ള നികുതി സമ്പ്രദായം അവതരിപ്പിക്കും. ഒരു പാനീയത്തിൽ എത്ര പഞ്ചസാര അടങ്ങിയിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നികുതി തുക.

    യുഎഇയെ ജിസിസി-വൈഡ് വോള്യൂമെട്രിക് മോഡലുമായി യോജിപ്പിക്കുന്നതാണ് പുതിയ സംവിധാനം.

  • ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലവിൽ ബിസിനസ് ക്ളാസ് യാത്രക്കാർക്ക് മാത്രം ലഭ്യമാകുന്ന റെഡ് കാർപറ്റ് സേവനം ടെർമിനൽ 3ൽ എത്തുന്ന യാത്രക്കാർക്കും ലഭ്യമാവും. രണ്ടുമാസത്തേക്കായിരിക്കും ഈ സേവനം ലഭ്യമാവുക.
  • ഒറ്റ തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് ഉത്‌പന്നങ്ങളുടെ ഉപരോധം വികസിപ്പിക്കും. ബിവറേജ് കപ്പുകളും അടപ്പുകളും, ഫോർക്ക്, സ്‌പൂൺ, പ്ളേറ്റ്, സ്‌ട്രോ, സ്റ്റൈറോഫോംകൊണ്ട് നിർമിച്ച പാത്രങ്ങളും പെട്ടികളും ഇതിൽ ഉൾപ്പെടുന്നു.
  • ജനുവരി 15 മുതൽ ദുബായിലെ ഡിസ്‌കവറി ഗാർഡൻസിലുടനീളം പണമടച്ചുള്ള പാർക്കിംഗ് നിലവിൽ വരും.