ശബരിമല സ്വർണക്കൊള്ള; ഡി മണിയുടെയും ഇടനിലക്കാരന്റെയും വീട്ടിൽ എസ്‌ഐടി റെയ്‌ഡ്, ചോദ്യം ചെയ്യൽ തുടരുന്നു

Friday 26 December 2025 12:04 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിയുടെ (ഡയമണ്ട് മണി, ബാലമുരുകൻ) വീട്ടിലും സ്ഥാപനത്തിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റെയ്‌ഡ്. ഡിണ്ടിഗൽ സ്വദേശിയാണ് ഡി മണി. സ്വർണ്ണക്കൊള്ളയിൽ ഇടനിലക്കാരനായ വിരുദുനഗർ സ്വദേശി ശ്രീകൃഷ്ണന്റെ വസതിയിലും റെയ്‌ഡ് നടക്കുകയാണ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നിന്ന് സെർച്ച് വാറണ്ട് വാങ്ങിയതിനുശേഷം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ഡിണ്ടിഗലിലും വിരുദുനഗറിലുമെത്തിയിരുന്നു. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. ഡി മണിയെയും ശ്രീകൃഷ്ണനെയും എസ്‌ഐടി സംഘം ചോദ്യം ചെയ്യുകയാണ്. ഡിണ്ടിഗലിൽ രണ്ടുസ്ഥലത്തും വിരുദുനഗറിൽ ഒരു സ്ഥലത്തുമാണ് റെവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ റെയ്‌ഡ് നടത്തുന്നത്.

ഡി മണി ഡിണ്ടിഗൽ സ്വദേശിയായ ബാലമുരുകൻ എന്നയാളാണെന്ന് അന്വേഷണ സംഘം കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങളടക്കം അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നാണ് വ്യവസായിയുടെ മൊഴി. ഇതിലെ സത്യാവസ്ഥ വ്യക്തമാകുന്നതിനാണ് ചോദ്യം ചെയ്യൽ.

ശബരിമലയ്‌ക്ക് പുറമേ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സ്വർണക്കടത്ത് സംഘം ലക്ഷ്യമിട്ടിരുന്നതായാണ് പ്രവാസി വ്യവസായിയുടെ മൊഴി. മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയത് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധമുള്ളവരാണെന്നും പ്രവാസി വ്യവസായിയുടെ മൊഴിയിൽ പറയുന്നുണ്ട്. വിഗ്രഹങ്ങൾ കടത്താനായി ഈ സംഘം പണവുമായി ഇപ്പോഴും കറങ്ങുന്നുണ്ടെന്നും വ്യവസായി വെളിപ്പെടുത്തിയിരുന്നു.