വർക്കലയിൽ 19കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം; പെൺകുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: വർക്കലയിൽ മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട 19കാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കൊച്ചിയിലേക്ക് മാറ്റിയത്.
ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ നന്ദിയോട് സ്വദേശി ശ്രീക്കുട്ടി കഴിഞ്ഞ ഒന്നര മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശ്രീക്കുട്ടിക്ക് ഇതുവരെ ബോധം പൂർണമായും വീണ്ടെടുക്കാനായിട്ടില്ല. വിദഗ്ദ്ധ ചികിത്സയ്‌ക്കായി ഇന്നലെയാണ് ശ്രീക്കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
നവംബർ രണ്ടിന് കേരള എക്‌സ്‌പ്രസ് ട്രെയിനിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സുരേഷ് കുമാർ എന്നയാൾ ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടത്. പുകവലിക്കുന്നത് ചോദ്യം ചെയ്‌തതിന്റെ പേരിലാണ് ജനറൽ കമ്പാർട്ട്‌മെന്റിന്റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി ട്രെയിനിൽ നിന്ന് ചവിട്ടി വീഴ്‌ത്തിയത്. ഒപ്പമുണ്ടായിരുന്ന അർച്ചന എന്ന യുവതിയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ ബീഹാർ സ്വദേശി ശങ്കർ പാസ്വാൻ ആണ് അർച്ചനയെ രക്ഷിച്ചത്. കേസിലെ പ്രധാന സാക്ഷി കൂടിയാണ് ഇയാൾ. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിന് പിന്നാലൊണ് പൊലീസ് ശങ്കറിനെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോഴാണ് സ്വന്തം ജീവൻ പണയംവച്ച് ശങ്കർ പെൺകുട്ടിയെ രക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.