ഇംഗ്ലണ്ടിന്റെ  തീതുപ്പുന്ന പന്തിൽ തകർന്നടിഞ്ഞു, അതേ നാണയത്തിൽ തിരച്ചടിച്ച് ഓസീസ്  

Friday 26 December 2025 1:46 PM IST

മെൽബൺ: ആഷസ് പരമ്പര കൈവിട്ടെങ്കിലും അഭിമാനം വീണ്ടെടുക്കാൻ ഉറച്ചിറങ്ങിയ ഇംഗ്ലണ്ടിന് ബോക്സിംഗ് ഡേ ടെസ്റ്റിൽ ഉജ്ജ്വല തുടക്കമായിരുന്നു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആഞ്ഞടിച്ച ഇംഗ്ലീഷ് പേസർ ജോഷ് ടംഗ് അഞ്ച് വിക്കറ്റ് നേട്ടത്തോടെ ചരിത്രം കുറിച്ചാണ് കളിയിലെ താരമായത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മെൽബണിലെ ബോക്സിംഗ് ഡേ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലീഷ് ബൗളറായി എന്ന നേട്ടവും 28കാരനായ ടംഗ് സ്വന്തമാക്കി. ടംഗിന്റെ തീതുപ്പുന്ന പന്തുകൾക്ക് മുന്നിൽ തകർന്നടിഞ്ഞ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ വെറും 152 റൺസിനാണ് പുറത്തായത്.

എന്നാൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് പടയെ 110 റൺസിന് ഓസീസ് കൂടാരം കയറ്റി ആഞ്ഞടിക്കുകയായിരുന്നു. ആദ്യ ദിനം തന്നെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്‌ട്രേലിയ ഒരോവറാണ് ബാറ്റ് ചെയ്തത്. അങ്ങനെ അടിയും തിരിച്ചടിയുമായി ഒറ്റ ദിവസംകൊണ്ട് 20 വിക്കറ്റുകളാണ് ഇരുടീമുകളിൽ നിന്നും വീണത്.

ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ കുറഞ്ഞ സ്‌കോറിൽ ഒതുക്കി 42 റൺസിന്റെ വിലപ്പെട്ട ലീഡ് സ്വന്തമാക്കിയ ഓസീസ്, കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസ് എന്ന നിലയിലാണ്. നിലവിൽ 10 വിക്കറ്റുകൾ കൈയിലിരിക്കെ ഓസീസിന് മൊത്തം 46 റൺസിന്റെ ലീഡാണുള്ളത്. ട്രാവിസ് ഹെഡിനൊപ്പം (0) നൈറ്റ് വാച്ച്മാനായി എത്തിയ സ്‌കോട്ട് ബോളണ്ടാണ് (4) ക്രീസിലുള്ളത്.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്ടൻ ബെൻ സ്റ്റോക്സിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് പേസർമാർ കാഴ്ചവച്ചത്. സ്റ്റീവ് സ്മിത്ത് (9), ലബുഷെയ്ൻ (6) എന്നിവരെ ടംഗ് വേഗത്തിൽ മടക്കി. ഒരു ഘട്ടത്തിൽ 91 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്ന ഓസീസിനെ മൈക്കൽ നേസറും (35) കാമറൂൺ ഗ്രീനും ചേർന്നാണ് 152ൽ എത്തിച്ചത്. ഓപ്പണറായ ട്രാവിസ് ഹെഡിനെ (12) പുറത്താക്കി ഗസ് അറ്റ്കിൻസൺ ആണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

ആദ്യ സെഷനിൽ ഓസ്‌ട്രേലിയയുടെ നട്ടെല്ലൊടിക്കാൻ ഇംഗ്ലണ്ടിന് സാധിച്ചെങ്കിലും അതേ നാണയത്തിൽ തന്നെ ഓസീസ് തിരിച്ചടിച്ചു. ഓസീസിനെ കുറഞ്ഞ സ്‌കോറിൽ ഒതുക്കിയ ആവേശത്തിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നേരിട്ടത് കൂട്ടതകർച്ചയാണ്. ഓസീസ് പേസർമാരായ മൈക്കൽ നേസറും സ്‌കോട്ട് ബോളണ്ടും ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കുകയായിരുന്നു. നേസർ നാലും ബോളണ്ട് മൂന്ന് വിക്കറ്റുകളുമാണ് നേടിയത്.

ടോപ് ഓർഡറിൽ സാക് ക്രാളി (5), ജോ റൂട്ട് (0), ബെൻ ഡക്കറ്റ് (2) എന്നിവർ പെട്ടെന്നാണ് കൂടാരം കയറിയത്. പിന്നാലെ ഹാരി ബ്രൂക്ക് (41) ഏകാംഗ പോരാട്ടം നടത്തിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായിരുന്നില്ല. ഒടുവിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് വെറും 110 റൺസിൽ അവസാനിച്ചു.പിച്ചിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ രണ്ടാം ദിനം വിക്കറ്റുകൾ വീഴ്ത്തി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്. എന്നാൽ ലീഡ് 200 കടത്തിയാൽ ഓസീസിനായിരിക്കും മത്സരത്തിൽ ആധിപത്യം.