'ഇന്ത്യൻ താരങ്ങൾ ഹസ്‌തദാനം ചെയ്യാത്തത് ലജ്ജാകരമായ നിമിഷം', രൂക്ഷവിമർശനവുമായി ഹോളിവുഡ് നടൻ

Friday 26 December 2025 1:49 PM IST

ന്യൂയോർക്ക്: ഇക്കഴിഞ്ഞ സെപ്‌തംബർ മാസത്തിൽ നടന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് പരമ്പര ഏറെ ആവേശവും ചർച്ചകൾക്ക് ഇടയാക്കിയതുമായിരുന്നു. പാകിസ്ഥാനുമായുള്ള ഫൈനലിൽ രണ്ട് പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ അഞ്ച് വിക്കറ്റുകൾക്ക് വിജയിച്ച് കിരീടം നേടിയിരുന്നു. ഫൈനലടക്കം മൂന്ന് മത്സരങ്ങളിലാണ് ഇന്ത്യ പാകിസ്ഥാനുമായി ഏറ്റുമുട്ടിയത്. മൂന്നിലും ഇന്ത്യയ്‌ക്ക് തന്നെയായിരുന്നു വിജയം. ഈ പരമ്പര മുതൽ ഇങ്ങോട്ട് ഇന്ത്യ-പാക് മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ പാകിസ്ഥാന് ഹസ്‌തദാനം നൽകുന്നത് നിർത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയായിരുന്നു അത്.

ഇപ്പോഴിതാ ഇന്ത്യൻ താരങ്ങൾ പാകിസ്ഥാൻ താരങ്ങൾക്ക് ഹസ്‌തദാനം ചെയ്യാത്തതിനെ വിമർശിച്ചിരിക്കുകയാണ് ഒരു ഹോളിവുഡ് നടൻ. എച്ച്‌ബിഒയിലെ കോമഡി സീരീസ് ആയിരുന്ന സിലിക്കൺ വാലി,​ മാർവലിന്റെ എറ്റേണൽസ് തുടങ്ങിയവയിലെല്ലാം ശ്രദ്ധേയ വേഷം ചെയ്‌ത കുമൈൽ നഞ്ജ്യാനി ആണ് ഇന്ത്യക്കെതിരെ വിമർശനം ഉന്നയിച്ചത്. 'ലജ്ജാകരമായ നിമിഷം' എന്നാണ് കുമൈൽ പ്രതികരിച്ചത്. ഇന്ത്യൻ വംശജനും അമേരിക്കൻ കോമഡി നടനുമായ ഹസൻ മിനാജിന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് കുമൈൽ ഇങ്ങനെ പറഞ്ഞത്. ഇന്ത്യ-പാകിസ്ഥാൻ ബന്ധവും ക്രിക്കറ്റ് മത്സരങ്ങൾ ഇതിലെന്ത് പങ്ക് വഹിക്കുന്നു എന്നുമുള്ള ചർച്ചയിലാണ് കുമൈലിന്റെ വിവാദ പരാമർശം. പാകിസ്ഥാനിലെ കറാച്ചിയിൽ ജനിച്ച് അമേരിക്കയിലെത്തി ഹോളിവുഡ് താരമായ ആളാണ് കുമൈൽ നഞ്‌ജ്യാനി.

'ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളെ ശ്രദ്ധാകേന്ദ്രമാക്കുന്നത് ഇരുടീമുകളും ലോകത്തിലെ മികച്ച ടീമുകളിലൊന്നായിരുന്നു. ഇപ്പോൾ പാകിസ്ഥാൻ അത്ര നല്ല ടീമല്ല. ഇന്ത്യ ലോകത്തെ മികച്ച ടീമാണ്. ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളിലെ വലിയൊരു കാര്യം നമ്മുടെ രാജ്യങ്ങൾ ഒന്നിച്ച് പോകില്ല പക്ഷെ ജനങ്ങൾ ഒന്നിച്ചുപോകും എന്നതാണ്. നമ്മൾ ഒരേ ആളുകളാണ്, ഒരേ ഭാഷയാണ്, ഒരേ സംസ്‌കാരമാണ്, അതിനാൽ ക്രിക്കറ്റ് കളിക്കുമ്പോൾ വ്യത്യാസത്തെക്കാൾ സാമ്യമാണ് നിങ്ങൾക്ക് തോന്നുക. ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളിൽ ഒരു സാഹോദര്യ അന്തരീക്ഷം ഉണ്ടായിരുന്നു.' കുമൈൽ പറയുന്നു. മത്സരത്തിൽ കളിക്കാർ തമ്മിൽ എന്തെങ്കിലും ശത്രുതയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് കളിക്കാർ തമ്മിൽ പരസ്‌പര ബഹുമാനം ഉണ്ടായിരുന്നെന്നാണ് കുമൈൽ നഞ്‌ജ്യാനിയുടെ പക്ഷം.

ഇന്ത്യ പാകിസ്ഥാൻ താരങ്ങൾ തമ്മിൽ ഹസ്‌തദാനം ചെയ്യാത്തതിനെ നഞ്‌ജ്യാനി രൂക്ഷമായാണ് വിമർശിച്ചത്. ഇന്ത്യ-പാകിസ്ഥാൻ താരങ്ങളുമായി ഇന്ത്യൻ താരങ്ങൾ ഹസ്‌തദാനം ചെയ്യാൻ വിസമ്മതിച്ചു. ഇത് വളരെ നാണക്കേടാണ്. ശത്രുതയെല്ലാം മാറ്റിവച്ച് കളിക്കേണ്ടതാണ് കായികമത്സരങ്ങൾ. നാം തുല്യരെന്ന് പരസ്‌പരം ബഹുമാനിക്കുക. ഹസ്‌തദാനം ലഭിക്കാത്തത് വളരെയധികം സങ്കടകരമാണ്. നഞ്‌ജ്യാനി പറയുന്നു.