ഇനിയെങ്കിലും നിർത്തണേ ഫുട്ബോർഡ് യാത്ര, പുതിയ പദ്ധതിയുമായി ആർ.പി.എഫ്
കൊച്ചി: ട്രെയിനുകളിലെ ഫുട്‌ബോർഡ് യാത്ര കുറയ്ക്കുന്നതിനായി അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ശില്പങ്ങളും ബോർഡുകളും റെയിൽവേ പാതയോരങ്ങളിൽ സ്ഥാപിക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) ഒരുങ്ങുന്നു. ബോധവത്കരണം ശക്തമാക്കിയിട്ടും ഫുട്‌ബോർഡ് യാത്രയും അപകടങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. വൈകാതെ തന്നെ ശില്പങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു തുടങ്ങും.
കഴിഞ്ഞ ജൂണിൽ പാലക്കാട്ട് ഫുട്‌ബോർഡിൽ ഇരിക്കുകയായിരുന്ന യുവാവ് ട്രെയിനിൽ നിന്ന് തെറിച്ചുവീണ് മരിച്ചിരുന്നു. മരണം വരെ സംഭവിക്കാമെന്ന് അറിയാമെങ്കിലും പലരും ഫുട്‌ബോർഡിൽ ഇരുന്നേ യാത്ര ചെയ്യൂ എന്ന് ആർ.പി.എഫ് സി.ഐ പറഞ്ഞു. അപകടങ്ങൾ വർദ്ധിച്ചതോടെ ഏതാനും മാസങ്ങളായി ആർ.പി.എഫ് പ്രത്യേക പരിശോധനയും ബോധവത്കരണവും നടത്തിവരികയാണ്.
ട്രെയിൻ പുറപ്പെട്ടതിന് ശേഷം ഓടിക്കയറുന്ന പ്രവണതയും ഇതുമൂലമുള്ള അപകടങ്ങളും വർദ്ധിക്കുന്നതായി ആർ.പി.എഫ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്ടോബറിൽ എറണാകുളം നോർത്തിൽ ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ കാൽ വഴുതി പ്ലാറ്റ്‌ഫോമിൽ വീണ യാത്രക്കാരൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പാഴ്‌സൽ പോർട്ടർ നാഗരാജു ഇയാളെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അങ്കമാലിയിലുണ്ടായ അപകടത്തിൽ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച യാത്രക്കാരന്റെ തലയ്ക്കും കാലിനും പരിക്ക് പറ്റിയിരുന്നു.
ജനറൽ കോച്ചുകളിലെ തിരക്കിൽ നിന്നും ചൂടിൽ നിന്നും ആശ്വാസം തേടിയാണ് പലരും വാതിലിനരികിലും ഫുട്‌ബോർഡിലും യാത്ര ചെയ്യുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്.
ഈ വർഷം നവംബർ പകുതി വരെ ജില്ലയിൽ മാത്രം ഫുട്‌ബോർഡ് യാത്രയുമായി ബന്ധപ്പെട്ട് 280ലധികം കേസുകൾ ആർ.പി.എഫ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം യാത്രകൾ മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്
ഫുട്ബോർഡ് യാത്ര
സ്റ്റേഷൻ: കേസുകൾ
എറണാകുളം ജംഗ്ഷൻ - 178 എറണാകുളം ടൗൺ - 50 ആലുവ - 61