ശബരിമല സ്വർണക്കൊള്ള: അന്വേഷണം തമിഴ്‌നാട്ടിലേക്ക്; ദിണ്ടിഗലിൽ മണിയെ ചോദ്യം ചെയ്ത് എസ്ഐടി
ചെന്നൈ: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഗൂഢാലോചനയും സ്വർണ്ണത്തിന്റെ ഉറവിടവും തേടിയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നീക്കങ്ങൾ തമിഴ്നാട്ടിലേക്കും വ്യാപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ദിണ്ടിഗൽ സ്വദേശിയായ മണി എന്നയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇയാളോട് തിരുവനന്തപുരത്തെ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ച് സമൻസ് നൽകിയിട്ടുണ്ട്. സ്വർണക്കൊള്ളയിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ചതിനു പിന്നാലെയായിരുന്നു ഡി മണിയെ (ഡയമണ്ട് മണി ) പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തത്.
കേസിൽ നേരത്തെ പരാമർശിക്കപ്പെട്ട ഡി മണി എന്ന വ്യക്തി ഇയാൾ തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ താൻ ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നും ചോദ്യം ചെയ്യലിന് പിന്നാലെ ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. സുബ്രഹ്മണ്യം എന്നാണ് തന്റെ മുഴുവൻ പേരെന്നും സ്വർണ്ണ വ്യാപാരവുമായി തനിക്ക് ബന്ധമില്ലെന്നും ഇയാൾ ഉദ്യോഗസ്ഥരെ അറിയിച്ചു.
തന്റെ സുഹൃത്തിന്റെ മൊബൈൽ നമ്പർ ആരോ ദുരുപയോഗം ചെയ്തതായും അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് ഉദ്യോഗസ്ഥർ എത്തിയതെന്നുമാണ് മണിയുടെ വാദം. അന്വേഷണ സംഘം ചില ഫോട്ടോകൾ കാണിച്ചതായും അവരെ അറിയില്ലെന്ന് മറുപടി നൽകിയതായും ഇയാൾ പറഞ്ഞു. എന്ത് കേസാണെന്ന് ഉദ്യോഗസ്ഥർ തന്നോട് വിശദീകരിച്ചിട്ടില്ലെന്നും ബിസിനസ് കാര്യങ്ങളും പേരുമാണ് ചോദിച്ച് അറിഞ്ഞതെന്നും മണി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. കേസിലെ പ്രധാന കണ്ണികളെ കണ്ടെത്താൻ തമിഴ്നാട്ടിലെ സ്വർണ്ണ വ്യാപാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം.