അങ്കമാലിയിൽ സ്വതന്ത്രരുടെ പിന്തുണയോടെ യു.ഡി.എഫ്
അങ്കമാലി: സ്വതന്ത്രരുടെ പിന്തുണയോടെ അങ്കമാലി നഗരസഭാ ഭരണം യു.ഡി.എഫിന്. ചെയർപേഴ്സണായി കോൺഗ്രസിലെ റീത്താ പോളിനെയും വൈസ് ചെയർമാനായി സ്വതന്ത്ര അംഗം വിത്സൺ മുണ്ടാടനെയും തിരഞ്ഞെടുത്തു. യു.ഡി.എഫിന്റെ 12 വോട്ടുകൾക്ക് പുറമെ 4 സ്വതന്ത്രരുടെ പിന്തുണയോടെ 16 വോട്ടുകൾ നേടിയാണ് ഇരുവരും വിജയിച്ചത്.
ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എമ്മിലെ ഗ്രേസി ദേവസിക്ക് 13 വോട്ടുകൾ ലഭിച്ചു. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച ജനതാദൾ എസിലെ ബിജു പൗലോസിനും 13 വോട്ടുകളാണ് ലഭിച്ചത്. 2 ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു. ആറാം തവണ കൗൺസിലിലെത്തുന്ന റീത്താ പോൾ ആദ്യമായാണ് ചെയർപേഴ്സൺ പദവിയിലെത്തുന്നത്. നേരത്തെ വൈസ് ചെയർപേഴ്സൺ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ, പാർലമെന്ററി പാർട്ടി ലീഡർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഞ്ചാം തവണ കൗൺസിലിലെത്തുന്ന വിത്സൺ മുണ്ടാടൻ മുൻപും വൈസ് ചെയർമാനായിട്ടുണ്ട്.