'എല്ലാവരും ആവശ്യത്തിന് ഫോട്ടൊയെടുത്തില്ലെ.. ഇനിയും എന്താ വേണ്ടത്', ഹാർദിക്കിനോട് ചൂടായി ആരാധകൻ, മറുപടി നൽകാതെ താരം

Friday 26 December 2025 5:00 PM IST

മുംബയ്: സെൽഫി എടുക്കുന്നതിനിടെ ആരാധകന് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ഹാർദിക് തന്റെ കാമുകി മഹേക ശർമ്മയ്‌ക്കൊപ്പം ക്രിസ്മസ് വിരുന്ന് കഴിഞ്ഞ് റെസ്റ്റോറന്റിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. താരത്തെ കാണാൻ വൻ ജനക്കൂട്ടമാണ് പുറത്തുണ്ടായിരുന്നത്. കാമുകിയെ കാറിൽ കയറ്റിയ ശേഷം താരം ചില ആരാധകർക്ക് സെൽഫി എടുക്കാൻ പോസ് ചെയ്തു.

'എല്ലാവരും ആവശ്യത്തിന് ഫോട്ടെയെടുത്തില്ലെ.. ഇനിയും എന്താണ് വേണ്ടത്', പാണ്ഡ്യ ആരാധകരോട് ചോദിച്ചു. ഇതിനിടെ തിരക്കിനിടയിൽ ചിലർക്കൊപ്പം സെൽഫിക്ക് നിന്ന ശേഷം കാറിലേക്ക് മടങ്ങാൻ ശ്രമിക്കുമ്പോൾ, സെൽഫി കിട്ടാത്തതിൽ പ്രകോപിതനായ ഒരു ആരാധകൻ താരത്തിന് നേരെ അസഭ്യം ചൊരിഞ്ഞു. 'പോയി ചാവൂ' എന്ന് ആരാധകൻ വിളിച്ച് പറഞ്ഞെങ്കിലും ഹാർദിക് തിരിഞ്ഞുനോക്കാതെ സംയമനം പാലിച്ച് കാറിലേക്ക് മടങ്ങി പോകുകയായിരുന്നു.

താരം ഇത് കേട്ടോ അതോ മനഃപൂർവ്വം അവഗണിച്ചതാണോ എന്നത് വ്യക്തമല്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലാണ്. ഹാർദിക് തിരികെ കാറിലേക്ക് കയറുന്നതിനിടെ ചിലർ അദ്ദേഹത്തിന്റെ തോളിൽ കയിട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പരിക്കേറ്റ് ടീമിൽ നിന്നും പുറത്തു പോയ ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലൂടെയാണ് വീണ്ടും അദ്ദേഹം ഇന്ത്യൻ കുപ്പായത്തിൽ തിരിച്ചെത്തുന്നത്. നാല് മത്സരങ്ങളിൽ നിന്നായി 142 റൺസും മൂന്ന് വിക്കറ്റും താരം നേടി. അവസാന മത്സരത്തിൽ വെറും 25 പന്തിൽ നിന്ന് അഞ്ച് സിക്സറുകളും അഞ്ച് ഫോറുകളുമടക്കം 63 റൺസാണ് ഹാർദിക് അടിച്ചുകൂട്ടിയത്. ഏറ്റവും വേഗമേറിയ രണ്ടാമത്തെ അർദ്ധ സെഞ്ച്വറിയെന്ന റെക്കാഡും ഹാർദിക് അഞ്ചാം ട്വന്റി-20യിൽ സ്വന്തമാക്കി.