ആലുവ നഗരസഭ: സൈജി ജോളി ചെയർപേഴ്സൺ

Friday 26 December 2025 5:08 PM IST

ആലുവ നഗരസഭ: സൈജി ജോളി ചെയർപേഴ്സൺ, ഫാസിൽ ഹുസൈൻ വൈസ് ചെയർമാൻ

ആലുവ: ആലുവ നഗരസഭ ചെയർപേഴ്സണായി കോൺഗ്രസിലെ സൈജി ജോളിയെയും വൈസ് ചെയർമാനായി ഫാസിൽ ഹുസൈനെയും തിരഞ്ഞെടുത്തു. 26 അംഗ കൗൺസിലിൽ 16 പേരുടെ പിന്തുണയാണ് ഇരുവർക്കും ലഭിച്ചത്.

ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ച എൽ.ഡി.എഫിലെ മിനി ബൈജുവിന് ആറ് വോട്ടും എൻ.ഡി.എയിലെ ശ്രീലത രാധാകൃഷ്ണന് നാല് വോട്ടും ലഭിച്ചു. സൈജിയെ ലിസ ജോൺസൺ നിർദ്ദേശിക്കുകയും സിജു തറയിൽ പിന്താങ്ങുകയും ചെയ്തു. മിനി ബൈജുവിനെ ജിബി ജിനു നിർദ്ദേശിക്കുകയും പി.ആർ. രാജേഷ് പിന്താങ്ങുകയും ചെയ്തു. ശ്രീലത രാധാകൃഷ്ണനെ പി.എസ്. പ്രീത നിർദ്ദേശിക്കുകയും രജനി ശ്രീകാന്ത് പിന്താങ്ങുകയും ചെയ്തു.

ഉച്ചയ്ക്ക് ശേഷം നടന്ന കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ഫാസിൽ ഹുസൈന്റെ പേര് പി.പി. ജെയിംസ് നിർദ്ദേശിക്കുകയും പി.എം. മൂസാക്കുട്ടി പിന്താങ്ങുകയും ചെയ്തു. എൽ.ഡി.എഫിലെ പി.എം. ഹിജാസിനെ മിനി ബൈജു നിർദ്ദേശിക്കുകയും ഫെബിൻ പള്ളത്ത് പിന്താങ്ങുകയും ചെയ്തു. എൻ.ഡി.എയിലെ രജനി ശ്രീകാന്തിനെ ഭാഗ്യലക്ഷ്മി ആനന്ദ് നിർദ്ദേശിക്കുകയും പി.എസ്. പ്രീത പിന്താങ്ങുകയും ചെയ്തു.

റിട്ടേണിംഗ് ഓഫീസറായ ആലുവ ഡി.ഇ.ഒ എം.എൻ. ഷീല ചെയർപേഴ്സന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് കൗൺസിലർമാർ ആശംസകൾ നേർന്നു. അൻവർ സാദത്ത് എം.എൽ.എ, മുൻ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, മുതിർന്ന നേതാവ് എസ്.എൻ. കമ്മത്ത് എന്നിവർ ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ സംസാരിച്ചു.