ഉത്തർപ്രദേശിലെ ഹൈവേ കവർച്ച; പ്രതി കൊച്ചിയിൽ അറസ്റ്റിലായി

Saturday 27 December 2025 1:46 AM IST
റിഫാക്കത്ത്

കൊച്ചി: ഉത്തർപ്രദേശിനെ വിറപ്പിച്ച 85ലക്ഷംരൂപയുടെ ഹൈവേ കവർച്ചാക്കേസിലെ പ്രതിയായ യുവാവ് കൊച്ചിയിൽ അറസ്റ്റിലായി. വിനോദസഞ്ചാരിയെന്ന വ്യാജേന എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ തങ്ങിയ യു.പി അമോറ സ്വദേശി റിഫാഖത്തിനെയാണ് ഉത്തർപ്രദേശ് പൊലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ യു.പി പൊലീസിലെ സീനിയർ എസ്.ഐ ഹാറുൾ ഇസ്ലാമിന്റെ നേതൃത്വത്തിലുള്ള സായുധപൊലീസ് സംഘം ലോഡ്ജ് മുറിയിൽനിന്ന് എറണാകുളം സെൻട്രൽ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഇതോടെ യു.പി പൊലീസിന് മാനക്കേടുണ്ടാക്കിയ കവർച്ചാക്കേസിലെ മുഴുവൻ പ്രതികളും അകത്തായി.

ഹാപ്പൂർ ജില്ലയിലെ പിലാക്കുവ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഡെൽഹി - ലക്നോ പാതയിൽ സരസ്വതി മെഡിക്കൽ കോളേജിന് സമീപം കഴിഞ്ഞ 15ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സിനിമാസ്റ്റൈൽ കവർച്ച. പ്രമുഖ ധാന്യവ്യാപാരിയുടെ അക്കൗണ്ടന്റ് അജയ്‌പാൽസിംഗിന്റെ പക്കൽനിന്നാണ് അഞ്ചംഗ സംഘം 85ലക്ഷംരൂപ തട്ടിയെടുത്തത്. വ്യാപാരിയുടെ നിർദ്ദേശപ്രകാരം

ബാങ്കിൽനിന്ന് പണവുമായി സ്കൂട്ടറിൽ വരികയായിരുന്നു അക്കൗണ്ടന്റ്. തിരക്കേറിയ ഹൈവേയിൽ വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കെ കാറിലും ബൈക്കിലുമായെത്തിയ സംഘം അക്കൗണ്ടന്റിനെ സ്കൂട്ടറിൽനിന്ന് ചവിട്ടിത്താഴെയിട്ട് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് തട്ടിയെടുത്തു. പട്ടാപ്പകൽ നടന്ന കവർച്ച വിവാദമായതോടെ പ്രതികൾ സഞ്ചരിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിടുകയും പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തു. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അരലക്ഷംരൂപ പാരിതോഷികവും പ്രഖ്യാപിച്ചു.

അഞ്ചംഗ കവർച്ചാ സംഘത്തിലെ മറ്റുള്ളവർ കഴിഞ്ഞദിവസങ്ങളിൽ അറസ്റ്റിലായി. സി.സി ടിവി ദൃശ്യങ്ങളും മൊബൈൽടവർ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് റിഫാക്കത്ത് കൊച്ചിയിൽ എത്തിയെന്ന് യു.പി പൊലീസിന് വിവരം ലഭിച്ചത്. ഇയാൾ ബുധനാഴ്ചയാണ് ലോഡ്ജിൽ മുറിയെടുത്തതെന്ന് ജീവനക്കാർ പറഞ്ഞു. കസ്റ്റഡിയിലെടുക്കുമ്പോൾ കൈവശം 10000 രൂപയുണ്ടായിരുന്നു. എറണാകുളം കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് സമ്പാദിച്ച പൊലീസ് സംഘം പ്രതിയുമായി ഉത്തർപ്രദേശിലേക്ക് മടങ്ങി.