കൊച്ചിയെ മിനിമോൾ നയിക്കും
ദീപക് ജോയി ഡെപ്യൂട്ടി മേയർ
കൊച്ചി: കൊച്ചി നഗരസഭ മേയർ പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിലുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിൽ പുതിയ ഭരണസമിതി അധികാരമേറ്റു. മേയറായി അഡ്വ. വി.കെ. മിനിമോളും ഡെപ്യൂട്ടി മേയറായി ദീപക് ജോയിയും സത്യവാചകം ചൊല്ലി ചുമതലയേറ്റു. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധം അറിയിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, സത്യപ്രതിജ്ഞയ്ക്ക് മുൻപേ കൗൺസിൽ ഹാളിൽ നിന്ന് മടങ്ങി.
നഗരസഭയുടെ പുതിയ കൗൺസിൽ ഹാളിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ നടന്ന തിരഞ്ഞെടുപ്പിൽ 76 അംഗ കൗൺസിലിൽ സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവിന്റെ വോട്ട് ഉൾപ്പെടെ 48 വോട്ടുകൾ മിനിമോൾക്ക് ലഭിച്ചു. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ദീപക് ജോയിയും 48 വോട്ട് നേടി. കുന്നുംപുറത്ത് നിന്നുള്ള ജഗതാംബികയായിരുന്നു എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി. ജഗതാംബികയ്ക്ക് 22 വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പ്രിയ പ്രശാന്തിന് ആറ് വോട്ടും ലഭിച്ചു. നസ്രത്ത് ഡിവിഷനിലെ കൗൺസിലർ യേശുദാസായിരുന്നു എൽ.ഡി.എഫിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി. യേശുദാസിനും 22 വോട്ട് ലഭിച്ചു.
മേയർ സ്ഥാനത്തിന് ലത്തീൻ സഭ അവകാശവാദം ഉന്നയിച്ചതോടെയാണ് ദീപ്തി മേരി വർഗീസിനെ നേതൃത്വം ഒഴിവാക്കിയത്. കെ.പി.സി.സി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രഖ്യാപനമെന്ന് ദീപ്തി ആരോപിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. ധാരണപ്രകാരം കൗൺസിലിന്റെ ആദ്യ രണ്ടരവർഷം മിനിമോൾ മേയറാകും. തുടർന്നുള്ള രണ്ടരവർഷം ഷൈനി മാത്യു മേയറാകും. മിനിമോൾ മേയറാകുന്ന കാലയളവിൽ ദീപക് ജോയിയും ഷൈനി മേയറാകുന്ന കാലയളവിൽ കെ.വി.പി. കൃഷ്ണകുമാറും ഡെപ്യൂട്ടി മേയറാകും.
സത്യപ്രതിജ്ഞാ ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എം.എൽ.എ, കെ. ബാബു എം.എൽ.എ, ഡൊമിനിക് പ്രസന്റേഷൻ, എൻ. വേണുഗോപാൽ എന്നിവർ സംബന്ധിച്ചു. പുതിയ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗം തർക്കത്തോടെയാണ് ആരംഭിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം അനുമോദന യോഗം ചേരാതെ മേയർ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി.എ. ശ്രീജിത്ത് ആരോപിച്ചു. ഇതിനെ യു.ഡി.എഫ് അംഗങ്ങൾ എതിർത്തത് ബഹളത്തിനിടയാക്കിയെങ്കിലും പിന്നീട് മേയർ ഇടപെട്ട് രംഗം ശാന്തമാക്കി.