മെൽബണിൽ വിക്കറ്റ് മഴ

Saturday 27 December 2025 2:31 AM IST

നാലാം ടെസ്റ്റിൽ ഓസ്ട്രേലിയ 152ന് ആൾഔട്ട്

ഇംഗ്ളണ്ടിന്റെ മറുപടി 110ൽ അവസാനിച്ചു

മെൽബൺ : ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം വീണത് 20 വിക്കറ്റുകൾ. ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ച ഓസീസ് ഇന്നലെ മെൽബണിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 152 റൺസിന് ആൾഔട്ടായപ്പോൾ ഇംഗ്ളണ്ട് 110 റൺസിന് ആൾഔട്ടായി.42 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസ് വിക്കറ്റ് പോകാതെ നാലു റൺസിലെത്തിയപ്പോൾ ആദ്യ ദിനം സ്റ്റംപെടുത്തു.

അഞ്ചുവിക്കറ്റ് വീഴ്ത്തിയ ജോഷ് ടംഗും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഗസ് അറ്റ്കിൻസണും ചേർന്നാണ് ഓസീസിനെ 152ൽ ഒതുക്കിയത്. 35 റൺസടിച്ച മൈക്കേൽ നെസറാണ് ഓസീസിന്റെ ടോപ് സ്കോറർ.ട്രാവിസ് ഹെഡ് (10), ജെയ്ക്ക് വെതറാൾഡ് (12),ഉസ്മാൻ ഖ്വാജ (29),അലക്സ് കാരേ (20), കാമറൂൺ ഗ്രീൻ (17) എന്നിവരാണ് ഓസീസ് നിരയിൽ രണ്ടക്കം കടന്നത്. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിനെ നാലുവിക്കറ്റ് വീഴ്ത്തിയ മൈക്കേൽ നെസറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്കോട്ട് ബോളാണ്ടും രണ്ട് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കും ചേർന്നാണ് 110ൽ ഒതുക്കിയത്. ഹാരി ബ്രൂക്ക് (41),ബെൻ സ്റ്റോക്സ് (16), അറ്റ്കിൻസൺ (28) എന്നിവർ മാത്രമാണ് ഇംഗ്ളീഷ് നിരയിൽ രണ്ടക്കം കടന്നത്.