ഇന്ത്യ ജ്വലിച്ച വർഷം
സ്പോർട്സ് 2025 ഭാഗം 1
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ വനിതാ ലോകകപ്പ് കിരീടവും ചാമ്പ്യൻസ് ട്രോഫിയും വനിതാ ചെസ് ലോകകപ്പും ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പും ദേശീയ ഗെയിംസും ഒക്കെയായി കായികരംഗത്ത് ഏറെ ചർച്ചയായ വർഷമാണ് 2025. അന്താരാഷ്ട്ര ഫുട്ബാൾ മത്സരം കളിക്കാൻ കേരളത്തിലേക്ക് മെസി എത്തുമെന്ന് ഏറെ കൊതിച്ച വർഷം. ഒടുവിൽ കൊൽക്കത്തയിലും ഹൈദരാബാദിലും മുംബയ്യിലും ഡൽഹിയിലുമായി മെസിയുടെ വരവോടെ ഈ വർഷത്തിന് കൊടിയിറങ്ങുന്നു. പോയവർഷത്തെ പ്രധാന കായിക സംഭവങ്ങളെ ഓർത്തെടുക്കാം...
ലോകകപ്പിൽ ചരിത്രം
കുറിച്ച് വനിതകൾ
52 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ വനിതാ ക്രിക്കറ്റിൽ ആദ്യമായി ഒരു ലോകകപ്പ് നേടിയത് ഈവർഷമാണ്. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിന്റെ സെമിഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ അട്ടിമറിച്ചും ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തളച്ചുമാണ് ഹർമൻപ്രീത് കൗറും കൂട്ടരും ഇന്ത്യൻ ക്രിക്കറ്റിലെ വനിതാ വിപ്ളവത്തിന് തിരികൊളുത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 52 റൺസിന്റെ വിജയം നേടിയാണ് 52 വർഷത്തെ കിരീടക്കാത്തിരിപ്പ് ഇന്ത്യ അവസാനിപ്പിച്ചത്.
പ്രാഥമിക റൗണ്ടിൽ ശ്രീലങ്കയെയും പാകിസ്ഥാനെയും തോൽപ്പിച്ച ശേഷം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ളണ്ട് എന്നിവരോടു തോറ്റത് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ന്യൂസിലാൻഡിന് എതിരായ വിജയമാണ് പെൺപടയെ വീണ്ടും ട്രാക്കിലേക്കെത്തിച്ചത്. ഈ ലോക കപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ജയം ഓസ്ട്രേലിയയ്ക്ക് എതിരായ സെമി ഫൈനലിലായിരുന്നു. ജെമീമ റോഡ്രിഗസ് എന്ന 25-കാരിയുടെ നിശ്ചയദാർഢ്യത്തിന്റെയും ഹർമൻപ്രീത് കൗറിന്റെ നേതൃശേഷിയുടെയും വിജയമായിരുന്നു സെമിയിൽ കണ്ടത്.ഫൈനലിലെ മികച്ച താരമായി ഷെഫാലി വെർമ്മയും ടൂർണമെന്റിലെ മികച്ച താരമായി ദീപ്തി ശർമ്മയും തിരഞ്ഞെടുക്കപ്പെട്ടു.
ഐ.സി.സി ചാമ്പ്യൻസ്
ട്രോഫിയിൽ ഇന്ത്യ ജേതാക്കൾ
അന്താരാഷ്ട്ര വൈറ്റ് ബാൾ ക്രിക്കറ്റിൽ തങ്ങളുടെ അപ്രമാദിത്തം ഒരിക്കൽക്കൂടി തെളിയിച്ച് ഇന്ത്യ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ചാമ്പ്യൻസ് ട്രോഫിയിൽ മൂന്നാമതും മുത്തമിട്ടു. തുടർച്ചയായ മൂന്നാം ഐ.സി.സി വൈറ്റ്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ കളിച്ച ഇന്ത്യ 12 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ചാമ്പ്യൻസ് ട്രോഫി ജേതാക്കളാകുന്നത്. ഇക്കുറി ഒറ്റക്കളിപോലും തോൽക്കാതെയാണ് ഇന്ത്യയുടെ കിരീട ധാരണം. കലാശക്കളിയിൽ ന്യൂസിലാൻഡിന്റെ ചിറകരിഞ്ഞാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
ദുബായ്യിൽ നടന്ന ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. 49 ഓവറിൽ നാലുവിക്കറ്റുകൾ ബാക്കിനിൽക്കെ ഇന്ത്യ ഇത് മറികടന്നു (254/6). ഇതോടെ കൂടുതൽ തവണ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കുന്ന ടീമെന്ന റെക്കാഡും ഇന്ത്യ സ്വന്തമാക്കി.
രോഹിത് ശർമ്മ ഫൈനലിലെ മാൻ ഒഫ് ദ മാച്ചായപ്പോൾ രചിൻ രവീന്ദ്ര പ്ളേയർ ഒഫ് ദ ടൂർണമെന്റായി. ഗൗതം ഗംഭീർ കോച്ചായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഐ.സി.സി ട്രോഫിയായിരുന്നു ഇത്.
ജയിച്ചിട്ടും കപ്പ്
കിട്ടാത്ത ഏഷ്യാകപ്പ്
യു.എ.ഇയിൽ നടന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഇക്കുറിയും ചാമ്പ്യന്മാരായതിൽ അസാധാരണമായി ഒന്നുമില്ലായിരുന്നെങ്കിലും ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ചശേഷം സംഭവിച്ചകാര്യങ്ങൾ സമാനതകളില്ലാത്തതായിരുന്നു. മൂന്ന് വട്ടമാണ് ഇന്ത്യ ടൂർണമെന്റിൽ പാകിസ്ഥാനെ തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽതന്നെ പാക് നായകന് ഹസ്തദാനം നൽകാൻ വിസമ്മതിച്ച ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് ഫൈനലിലും ഇതേ നിലപാട് ആവർത്തിച്ചു. മാത്രവുമല്ല പാകിസ്ഥാൻ മന്ത്രിയായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മുഹ്സിൻ നഖ്വിയുടെ കയ്യിൽ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ഫൈനലിന് മുന്നേ പ്രഖ്യാപിക്കുകയും ചെയ്തു. സൂര്യ തന്റെ നിലപാടിൽ ഉറച്ചുനിന്നപ്പോൾ തന്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയില്ലെങ്കിൽ കിരീടം നൽകില്ലെന്ന് നഖ്വി വാശിപിടിച്ചു. ഇതോടെ സമ്മാനദാനച്ചടങ്ങ് ഒരുമണിക്കൂറിലേറെ വൈകി.മാച്ച്ഒഫിഷ്യൽസും ഇന്ത്യൻ താരങ്ങളും തമ്മിൽ ദീർഘനേരം നടന്ന ചർച്ചയിൽ യു.എ.ഇ ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂണി ട്രോഫി സമ്മാനിക്കാൻ തയ്യാറായെങ്കിലും മൊഹ്സിൻ നഖ്വി അതിന് വഴങ്ങിയില്ല. താനല്ലാതെ മറ്റാരും വിജയികൾക്കുള്ള ട്രോഫി സമ്മാനിക്കേണ്ടെന്ന് വാശിപിടിച്ചു. ഒടുവിൽ കിരീടദാനം ഇല്ലാതെയാണ് സമാപനച്ചടങ്ങ് നടന്നത്. ട്രോഫിയില്ലാതെ സൂര്യയും സംഘവും ആഘോഷം നടത്തി. ഈ ട്രോഫി ഇതുവരെ ഇന്ത്യയ്ക്ക് നൽകിയതുമില്ല.
അണ്ടർ 19 വനിതാ
ലോകകപ്പിലും ഇന്ത്യ
മലേഷ്യയിൽ നടന്ന അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം വട്ടവും കപ്പുയർത്തി ഇന്ത്യൻ പുലിക്കുട്ടികൾ. ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യൻ കുമാരിമാർ കിരീടം ചൂടിയത്. ടൂർണമെന്റിൽ ഒറ്റക്കളിപോലും തോൽക്കാതെയാണ് മലയാളി പേസർ വി.ജെ ജോഷിത അംഗമായ ടീം ഇന്ത്യ ചാമ്പ്യൻസായത്. 2023ൽ നടന്ന പ്രഥമ ലോകകപ്പിലും ഇന്ത്യയ്ക്കായിരുന്നു കിരീടം.
ആർ.സി.ബിയുടെ കിരീടവും കണ്ണീരും
ചരിത്രത്തിലാദ്യമായി റോയൽ ചലഞ്ചേഴ്സ് ബംഗളുരു ഐ.പി.എൽ കിരീടം നേടിയെങ്കിലും അതിന്റെ ആഘോഷങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിൽ കലാശിച്ചത് കണ്ണീർകാഴ്ചയായി മാറി. 18-ാം സീസണിന്റെ കലാശക്കളിയിൽ പഞ്ചാബ് കിംഗ്സിനെ ആറുറൺസിന് കീഴടക്കിയാണ് രജത് പാട്ടീദാർ നയിച്ച ആർ.സി.ബി തങ്ങളുടെ എക്കാലത്തെയും സൂപ്പർ താരം വിരാടിനുവേണ്ടി കിരീടം നേടിയെടുത്തത്.
ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ആർ.സി.ബി നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസ് നേടിയത്. പഞ്ചാബിന്റെ മറുപടി 184/7 ലൊതുങ്ങി. തങ്ങൾ കളിച്ച നാലാമത്തെ ഫൈനലിലാണ് ആർ.സി.ബിക്ക് ആദ്യ വിജയം നേടാനായത്. പഞ്ചാബിന് ആദ്യകിരീടം നേടാൻ ഇനിയും കാത്തിരിക്കണം.
2008-ൽ ലീഗ് തുടങ്ങിയതുമുതൽ റോയൽ ചലഞ്ചേഴ്സ് ബംഗളുരു എന്ന ഒരൊറ്റ ക്ളബിനുവേണ്ടി മാത്രം കളിച്ചിട്ടുള്ള വിരാടിന്റെ ഐ.പി.എല്ലിലെ ആദ്യ കിരീടധാരണം ആഘോഷിക്കാൻ ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടങ്ങിയ പരിപാടി ദുരന്തത്തിൽ കലാശിച്ചു. പ്രിയതാരങ്ങള കാണാൻ ആരാധകർ തിക്കിത്തിരക്കിയതോടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയ പരിസരം മരണക്കളമായി. ചവിട്ടേറ്റും ശ്വാസം കിട്ടാതെയും 11 പേർക്കാണ് ദാരുണാന്ത്യമുണ്ടായത്. 14 വയസുള്ള പെൺകുട്ടിയടക്കമാണ് മരിച്ചത്. 50ലധികം പേർക്ക് പരിക്കേറ്റു