'കട്ട വെയ്റ്റിംഗ് KERALA STATE -1' , മാരാർജി ഭവനിലെത്തിയ 'മേയർ കാറു'കളുടെ ചിത്രം പങ്കുവച്ച് കെ സുരേന്ദ്രൻ

Friday 26 December 2025 8:43 PM IST

തിരുവനന്തപുരം : തലസ്ഥാന കോർപ്പറേഷനിൽ മേയറും ഡെപ്യൂട്ടി മേയറുമായി ബി.ജെ.പി കൗൺസിലർമാർ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കൗതുകമുണർത്തുന്ന ചിത്രം പങ്കുവച്ച് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിലെത്തിയ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഔദ്യോഗിക വാഹനങ്ങളുടെ ചിത്രമാണ് സുരേന്ദ്രൻ പങ്കുവച്ചത്. കട്ടവെയ്റ്റിംഗ് KERALA STATE -1’ എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽഖിയിരിക്കുന്നത്. അടുത്തത് സംസ്ഥാന ഭരണം പിടിക്കുക എന്ന ബി.ജെ..പിയുടെ ലക്ഷ്യം സൂചിപ്പിച്ചാണ് കെ.സുരേന്ദ്രന്റെ പോസ്റ്റ്.

അതേസമയം തലസ്ഥാനത്ത് മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന് ശേഷം ചരിത്ര വിജയം ആഘോഷിക്കുകയാണ് ബി.ജെ.പി പ്രവർത്തകർ. നഗരത്തിലെ എല്ലാ വാർഡുകളിലും ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് പായസവും മധുരവിതരണവും സംഘടിപ്പിച്ചു. തലസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളിൽ പ്രതിപക്ഷ പാർട്ടികളേയും ഒപ്പം നിർത്തി 101 വാർഡുകളുടേയും സമഗ്രമായ വികസനമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നാണ് അധികാരമേറ്റ ശേഷം മേയർ വി.വി. രാജേഷ് പ്രതികരിച്ചത്.

ഇന്ന് രാവിലെ നടന്ന മേയർ തിരഞ്ഞെടുപ്പിൽ 51 വോട്ടുകൾ നേടിയാണ് വി.വി രാജേഷ് തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണമ്മൂല വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയും ചേർത്ത് 51 വോട്ടുകളാണ് വി.വി രാജേഷിന് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർപി ശിവജിക്ക് 29 വോട്ടുകൾ കിട്ടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ രണ്ട് വോട്ടുകൾ അസാധുവായി. ജി.എസ്. ആശാ നാഥാണ് ഡെപ്യൂട്ടി മേയർ.