ശമ്പള റിക്കവറിക്ക് തുകയുടെ 2% ഫീസ്

Saturday 27 December 2025 12:40 AM IST

തിരുവനന്തപുരം: ജീവനക്കാരുടെ വായ്പാ തിരിച്ചടവ് മുടങ്ങിയാലുള്ള ശമ്പള റിക്കവറിക്ക് തുകയുടെ 2 ശതമാനം സർവീസ് ചാർജ് ഈടാക്കും. ഇന്നു മുതൽ നിലവിൽ വരും.

ശമ്പള റിക്കവറി, സർക്കാർ ഉദ്യോഗസ്ഥരുടെ ജാമ്യം എന്നിവയിൽ മാർഗ നിർദ്ദേശം പരിഷ്കരിച്ച് ആഗസ്റ്റിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസംബറിലെ റിക്കവറി മുതൽ ഫീസും ഈടാക്കുന്നത്.

ഒരു ലക്ഷം രൂപയാണ് റിക്കവറി തുകയെങ്കിൽ 2000 രൂപ അധികം ഈടാക്കും. ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാർക്കിൽ ഇതനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട്. ഈ തുക സർക്കാർ ഖജനാവിലേക്കാണ് പോവുക. ഇതിന് പുറമെ വായ്പ, ജാമ്യം,തിരിച്ചടവ് മുടങ്ങിയെങ്കിൽ അക്കാര്യം എന്നിവ ജീവനക്കാരുടെ ഡാറ്റാബേസിലും ഉൾപ്പെടുത്തും. സ്ഥലംമാറിപ്പോയാൽ അവിടത്തെ ശമ്പള വിതരണ ഉദ്യോഗസ്ഥനെ അറിയിക്കും എന്നതുൾപ്പെടെ മാറ്റങ്ങളും വരുത്തി.

മൊത്തം ശമ്പളത്തിന്റെ മൂന്നിൽ ഒരുഭാഗത്തിൽ കൂടുതൽ വരുന്ന തുക പിടിക്കാനും ശമ്പളവിതരണ ഉദ്യോഗസ്ഥന് അനുമതി നൽകി. ശമ്പളത്തുകയുടെ പരമാവധി 30 ശതമാനം റിക്കവറി ചെയ്യാനേ അനുമതി ഉണ്ടായിരുന്നുള്ളൂ. അതേസമയം തിരിച്ചടവ് മുടങ്ങിയാൽ പിഴത്തുക ബന്ധപ്പെട്ട ധനകാര്യ സ്ഥാപനം നേരിട്ട് ഈടാക്കണം. മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ സ്ഥാപനം വീഴ്ചവരുത്തിയാൽ ശമ്പള റിക്കവറിയിൽ നിന്ന് സർക്കാർ പിൻമാറുകയും ചെയ്യും.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ പോക്കറ്റിൽ കൈയിട്ടു വാരുകയാണ്

- പ്രതിപക്ഷ സർവീസ്

സംഘടനകൾ