ഇന്ത്യൻ കോഫി ഹൗസ് സ്ഥാപകാംഗം കെ.എൻ.ലളിതയ്ക്ക് അന്ത്യാഞ്ജലി
തൃശൂർ: ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്‌സ് സഹകരണസംഘം സ്ഥാപകാംഗവും ആരംഭകാലത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന കെ.എൻ.ലളിത (88) നിര്യാതയായി. തൃശൂരിലെ വസതിയിൽ വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ തൃശൂർ പ്ലാക്കാട്ട് ലെയിനിലെ വീട്ടിൽ നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു. ഇന്ത്യൻ കോഫി ഹൗസ് സ്ഥാപക നേതാവായിരുന്ന പരേതനായ എൻ.എസ്.പരമേശ്വരൻ പിള്ളയാണ് ഭർത്താവ്. കൈരളി ടി.വി ന്യൂസ് കൺസൾട്ടന്റ് എൻ.പി.ചന്ദ്രശേഖരൻ മകനാണ്. പ്രായാധിക്യത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു. 1957ൽ എ.കെ.ജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കോഫി ഹൗസ് സംഘം രൂപീകരിച്ചപ്പോൾ പ്രമോട്ടർമാരിൽ ഒരാളായി. തൃശൂർ സ്വരാജ് റൗണ്ടിൽ ആദ്യ കോഫിഹൗസ് തുടങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട ഘട്ടത്തിൽ താലിമാല ഉൾപ്പെടെ ആഭരണങ്ങൾ നൽകി. വൈകിട്ട് പാമ്പാടി ഐവർ മഠത്തിൽ സംസ്‌കരിച്ചു. മറ്റ് മക്കൾ: എൻ.പി.ഗിരീശൻ (റിട്ട. മാനേജർ ഇന്ത്യൻ കോഫി ഹൗസ്),എൻ.പി.മുരളി (ഇറ്റലി),എൻ.പി.സുനിത. മരുമക്കൾ: ഗിരിജ,ജയ,മായ,രമേശ്.