എം.കെ.കെ. നായർ പ്രൊഡക്ടിവിറ്റി പുരസ്കാരം കെൽട്രോണിന്
തിരുവനന്തപുരം: 2024-25 സാമ്പത്തികവർഷം ഉത്പാദനക്ഷമതയിലും വിറ്റുവരവിലും നേട്ടങ്ങൾ കൊയ്ത സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന് കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ (കെ.എസ്.പി.സി) ഏർപ്പെടുത്തിയ എം.കെ.കെ. നായർ പ്രൊഡക്ടിവിറ്റി പുരസ്കാരം. കളമശേരി പ്രൊഡക്ടിവിറ്റി ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവിൽ നിന്ന് പുരസ്കാരം കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായർ ഏറ്റുവാങ്ങി. കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ചെയർമാൻ ജമാൽ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.
സർക്കാരിന്റെ മികച്ച പിന്തുണയും കൃത്യമായ മാസ്റ്റർ പ്ലാൻ നടപ്പിലാക്കിയതുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കെൽട്രോൺ എം.ഡി. വ്യക്തമാക്കി.ഐ.ടി ആൻഡ് ഐ.ടി. ഇനേബിൾഡ് സർവീസ് വിത്ത് എ.ഐ., ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം, ഹൈ ടെക് ലാബ് ആൻഡ് സ്മാർട്ട് ക്ലാസ് റൂം പദ്ധതി കൂടാതെ ഇന്ത്യൻ നാവികസേനയ്ക്കും പ്രതിരോധ മന്ത്രാലയത്തിനുമായി അത്യാധുനിക സോണാർ സംവിധാനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും നിർമ്മിച്ച് നൽകുന്നതിൽ കെൽട്രോൺ വലിയ മുന്നേറ്റമാണ് നടത്തിയത്.
പ്രതിരോധ മേഖലയിൽ വിയറ്റ്നാം, റഷ്യ, സിംബാബ്വെ എന്നിവിടങ്ങളിൽ നിന്നുള്ള ഓർഡറുകളിലൂടെ രാജ്യത്തിന് പുറത്തും കെൽട്രോൺ സാന്നിദ്ധ്യം ഉറപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് നിർമ്മാണ ഹബ്ബായി മാറുന്നതിനൊപ്പം 2030ഓടെ 2,000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെൽട്രോണിനെ മാറ്റാനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്.