ഓഫ് റോഡിൽ പുലിയാണ് നിഹ, ഒരുവർഷത്തിനിടെ നേടിയത് അഞ്ച് ചാമ്പ്യൻഷിപ്പുകൾ
മലപ്പുറം: കല്ലും കുഴികളും കുത്തനെയുള്ള കയറ്റിറക്കങ്ങളും നിറഞ്ഞ വയനാട് കമ്പലക്കാട്ടെ ഓഫ് റോഡ്. റേസിന് ദക്ഷിണേന്ത്യയിലെ കിടിലങ്ങൾ. ആദ്യമായി മത്സരിക്കുമ്പോൾ മഞ്ചേരിക്കാരി നിഹ നഫ്രൈൻ ഒന്നുപകച്ചു. എന്നാൽ പിന്മാറിയില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തി മികച്ച ടൈം കുറിച്ച് ചാമ്പ്യനായി. ഒരു വർഷത്തിനിടെ പേരുകേട്ട ആറ് ഓഫ് റോഡ് ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചു. അഞ്ചിലും ചാമ്പ്യൻപട്ടം കൈപ്പിടിയിലൊതുക്കി ഈ 21കാരി. സീറ്റ് ബെൽറ്റിടാൻ മറന്നതാണ് ഒരുചാമ്പ്യൻഷിപ്പിൽ പറ്റിയ അബദ്ധം.
മുക്കം കെ.എം.സി.ടി കോളേജിലെ നാലാം വർഷ ഡോക്ടർ ഒഫ് ഫാർമസി വിദ്യാർത്ഥിയായ നിഹ പാടത്തെ വണ്ടിപ്പൂട്ടിലും വിദഗ്ദ്ധയാണ്. പഠനം പൂർത്തിയായാൽ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുകയാണ് ലക്ഷ്യം. ഡ്രൈവർമാരുടെ മനക്കരുത്തും പരീക്ഷിക്കപ്പെടുന്ന ഓഫ് റോഡിൽ പെൺകുട്ടികൾ കുറവാണ്. മുസ്ലിം സമുദായത്തിൽ നിന്ന് പ്രത്യേകിച്ചും.
പിതാവ് പറഞ്ഞു
'ഒരു കൈ നോക്ക്'
പിതാവ് കരുത്തേടത്ത് അബൂബക്കറിന് വാഹന വിൽപ്പനയാണ്. കുഞ്ഞുംനാളിലേ വാഹനങ്ങളോട് ഇഷ്ടം കൂടി നിഹ. 18 വയസ് പൂർത്തിയായ ദിവസം ലൈസൻസിന് അപേക്ഷിച്ചു. വിവിധ ജില്ലകളിൽ നിന്ന് പിതാവ് വാങ്ങുന്ന വാഹനങ്ങൾ ഒറ്റയ്ക്ക് നാട്ടിലെത്തിക്കും. ഡ്രൈവിംഗിലെ വൈദഗ്ദ്ധ്യം കണ്ട് പിതാവാണ് ഓഫ് റോഡിൽ ഒരുകൈ നോക്കാൻ പറഞ്ഞത്. നിയമാവലികളും ഡ്രൈവിംഗ് രീതിയും മനസിലാക്കാൻ പെരിന്തൽമണ്ണയിലെ മഡ് ആൻഡ് റോക്ക് സ്ഥാപനത്തിൽ ചേർന്നു. ഉപ്പയുടെ 4x4 വാഹനത്തിലാണ് പരിശീലനം. സ്വന്തമായി ഒരു ഓഫ് റോഡ് വാഹനം നിഹയുടെ സ്വപ്നമാണ്. ജംഷിയയാണ് മാതാവ്. വിദ്യാത്ഥികളായ നസ, നൂഹ എന്നിവരാണ് സഹോദരിമാർ.
പോരാടാനുള്ള മനസു മതി, വിജയം പിറകെ വരും
-നിഹ നഫ്രൈൻ