കാമ്പസി​ൽ 'ചെത്തി ​' നടന്ന് ചെത്താൻ പഠി​ക്കാം

Friday 26 December 2025 11:10 PM IST

കൊച്ചി: കേരള കാർഷിക സർവകലാശാല കള്ള് ചെത്താനും പഠിപ്പിക്കും. കേരള ടോഡിബോർഡാണ് സർവകലാശാലയുമായി ചേർന്ന് ഒരു മാസത്തെ ടോഡി ടെക്നീഷ്യൻ കോഴ്സ് ആവിഷ്കരിച്ചത്. ടോഡി ബോർഡിന്റെ പദ്ധതി റിപ്പോർട്ടിന് എക്സൈസ് വകുപ്പ് കഴിഞ്ഞയാഴ്ച അംഗീകാരം നൽകി. കള്ള് വ്യവസായം നേരി​ടുന്ന ഏറ്റവും വലി​യ വെല്ലുവി​ളി​യാണ് ചെത്തുകാരുടെ അഭാവം.

തി​രുവനന്തപുരം വെള്ളായണി​ കാമ്പസി​ൽ മൂന്ന് മാസത്തിനകം തുടക്കമാകും. ജീൻസും ടീഷർട്ടുമായി​ 'ചെത്തി​" നടക്കുന്ന 'ജെൻസി"​ക്കി​ടയി​ൽ ചെത്തുകൂടും കള്ളുകുടവുമായി​ ന്യൂജെൻ ചെത്തുകാരും കറങ്ങിനടക്കും.

കാമ്പസി​ലെ തെങ്ങുകളിലാണ് ചെത്ത് പരിശീലനം. തിയറിക്ളാസ് രണ്ട് സർവകലാശാല അദ്ധ്യാപകർ പഠിപ്പിക്കും. പ്രായോഗിക പരിശീലനം നൽകാനായി പരമ്പരാഗത 'ചെത്ത് ആശാന്മാ'രെ നി​യോഗി​ക്കും.

വി​ജയകരമായി​ പൂർത്തി​യാക്കുന്നവർക്ക് ടോഡിബോർഡാണ് ടോഡി​ ടെക്നീഷ്യൻ സർട്ടി​ഫി​ക്കറ്റ് നൽകുക. അപേക്ഷാവി​ജ്ഞാപനം ഉടനെയുണ്ടാകും. 18-45 ആണ് പ്രായപരി​ധി​. ആവശ്യമെങ്കി​ൽ മറ്റ് ജി​ല്ലകളി​ലും കോഴ്സ് സംഘടി​പ്പി​ക്കാൻ പദ്ധതി​യുണ്ട്.

ചെത്ത് പഠനം സൗജന്യം

10,000 രൂപ സ്റ്റൈപ്പൻഡും

ടോഡി ടെക്നീഷ്യൻ കോഴ്സ് തീർത്തും സൗജന്യമാണ്. ഒരുബാച്ചി​ൽ 30പേർക്കാണ് പ്രവേശനം. പഠി​താക്കളുടെ താമസവും ഭക്ഷണവും ഉൾപ്പെടെ എല്ലാ ചെലവുകളും ടോഡിബോർഡ് വഹി​ക്കും. ഒരാൾക്ക് ഒരുമാസത്തേക്ക് 10,000രൂപ സ്റ്റൈപ്പൻഡും നൽകും.

കള്ള് വ്യവസായത്തെ പ്രതി​സന്ധി​യി​ൽനി​ന്ന് കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ടോഡി​ ടെക്നീഷ്യൻ കോഴ്സ്. പരമ്പരാഗത ചെത്തുകാർ ഇല്ലാതാവുകയാണ്. സ്റ്റാർ ഷാപ്പും റെസ്റ്റോറന്റും തുടങ്ങാൻ തടസം ചെത്തുകാരുടെ അഭാവമാണ്.

യു.പി​.ജോസഫ്, ചെയർമാൻ

കേരള കള്ളുവ്യവസായ

വി​കസനബോർഡ്