രണ്ട് ടേം നിബന്ധന മാറ്റാൻ സി.പി.എം ആലോചന #എം.എൽ.എമാർ പലരും മത്സരിച്ചേക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ജയസാധ്യതയുള്ള സിറ്റിംഗ് എം.എൽ.എമാരെ പാർട്ടി മാനദണ്ഡം മാറ്റിവച്ച് മത്സരിപ്പിക്കാൻ സി.പി.എം ആലോചന. അസംബ്ളിയിലേക്ക് തുടർച്ചയായി രണ്ടുതവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തിൽ അയവ് വരുത്താനാണ് നീക്കം. ഈ നിബന്ധന കാരണം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അഞ്ച് മുൻ മന്ത്രിമാരും സ്പീക്കറും ഉൾപ്പെടെ 25ലധികം മുതിർന്ന നേതാക്കളെയാണ് ഒഴിവാക്കിയത്.
പുതുമുഖങ്ങൾക്ക് അവസരം നൽകി പരീക്ഷണം നടത്താൻ രാഷ്ട്രീയ സാഹചര്യം അനുകൂലമല്ലെന്നാണ് പാർട്ടി വിലയിരുത്തൽ.
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയവും തിരുവനന്തപുരത്ത് എൻ.ഡി.എ നടത്തിയ മുന്നേറ്റവുമാണ് ആശങ്കപ്പെടുത്തുന്നത്. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി മുതിർന്ന നേതാക്കൾ മത്സരിച്ചാൽ വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം. തിരുവനന്തപുരത്ത് നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി നേടിയ ഭൂരിപക്ഷമാണ് ഭീഷണി. മൂന്ന് മണ്ഡലങ്ങളിലും സിറ്റിംഗ് എം.എൽ.എമാരായ വി. ശിവൻകുട്ടി, വി.കെ പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ എന്നിവരെ മത്സരിപ്പിക്കാനാണ് ആലോചന.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 75 സീറ്റിലാണ് സി.പി.എം മത്സരിച്ചത്. 62 ഇടത്ത് വിജയിച്ചു. തെക്കൻ കേരളത്തിൽ 44 എം.എൽ.എമാരെയാണ് എൽ.ഡി.എഫിന് ലഭിച്ചത്.
തോമസ് ഐസക് (ആലപ്പുഴ), ജി.സുധാകരൻ (അമ്പലപ്പുഴ), പ്രൊഫ. സി. രവീന്ദ്രനാഥ് (പുതുക്കാട്), എ.കെ ബാലൻ (തരൂർ), ഇ.പി ജയരാജൻ (മട്ടന്നൂർ) എന്നിവരായിരുന്നു ഒഴിവാക്കപ്പെട്ട അന്നത്തെ മന്ത്രിമാർ.
തിരുവനന്തപുരത്താണ് കുടുതൽ സി.പി.എം സിറ്റിംഗ് സീറ്റുകൾ, 10 എണ്ണം. വിശദമായി പരിശോധിച്ച് ജയസാധ്യതയുള്ള സീറ്റുകൾ അറിയിക്കാൻ ഏരിയ കമ്മിറ്റികൾക്ക് ജില്ലാ കമ്മിറ്റികൾ നിർദ്ദേശം നൽകിയിട്ടുണ്ട്. തദ്ദേശ ഫലവും വിശകലനം ചെയ്തുള്ള റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്. റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് കൈമാറും.