ലാലി ജെയിംസിന് സസ്‌പെന്‍ഷന്‍, അച്ചടക്ക നടപടി മേയര്‍ സീറ്റ് വിറ്റെന്ന ആരോപണം ഉന്നയിച്ചതില്‍

Friday 26 December 2025 11:16 PM IST

തൃശൂര്‍: നഗരസഭ കൗണ്‍സിലര്‍ ലാലി ജെയിംസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് കോണ്‍ഗ്രസ്. ലാലി ജെയിംസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റേതാണ് തീരുമാനം. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ പദവി നല്‍കാതിരുന്നതിന് പിന്നാലെ ലാലി ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. പണം കൈപ്പറ്റിയാണ് മേയര്‍ പദവി വിറ്റതെന്നാണ് ലാലി ജെയിംസ് ആരോപിച്ചത്.

ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനെതിരെയാണ് കൗണ്‍സിലറുടെ ആരോപണം. തൃശൂരില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി ഡോ. നിജി ജസ്റ്റിനെതിരെയും ലാലി ആരോപണം ഉന്നയിച്ചിരുന്നു. പണപ്പെട്ടിയുമായി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നുമാണ് ലാലി മാദ്ധ്യമങ്ങളോടു വെളിപ്പെടുത്തിയത്.

നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്ന ആരോപണമാണ് മുതിര്‍ന്ന കൗണ്‍സിലര്‍ ലാലി ജയിംസ് ഉന്നയിച്ചത്. കെസി വേണുഗോപാല്‍ ഗ്രൂപ്പുകാരിയാണ് നിജിയെന്നും കെസിയുടെ ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്കെതിരെ നടപടിയെടുത്താല്‍ ഇനിയും പല ഇടപാടുകളും തുറന്നു പറയുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലാലിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

നഗരസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലനെതിരെയും ലാലി ആരോപണം ഉന്നയിച്ചിരുന്നു. സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നില്‍ക്കുന്നയാളാണ് രാജനെന്നും തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുറന്ന് പറയുമെന്നും ലാലി ജെയിംസ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.