വൈദ്യുതി സർചാർജ് പരിധി ഒഴിവാക്കി, നിരക്ക് കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി സർചാർജ് പരിധി ഒഴിവാക്കി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. ഇതോടെ പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതിന്റെ ചെലവിനനുസരിച്ച് പരിധിയില്ലാതെ സർചാർജ് ഈടാക്കാൻ കെ.എസ്.ഇ.ബിക്ക് സാധിക്കും. ഇത് വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് കാരണമാകും.
യൂണിറ്റിന് 10 പൈസയായിരുന്നു നിലവിലെ സർചാർജ് പരിധി. സർക്കാർ അഭ്യർത്ഥന മാനിച്ചാണ് നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർചാർജ് പരിധി ഒഴിവാക്കിയത്. ഇതിനായി ഡിസംബർ 23ന് കമ്മിഷൻ ഒാൺലൈനായി പരസ്യ തെളിവെടുപ്പ് നടത്തിയിരുന്നു.
കേന്ദ്രത്തിന്റെ പുതിയ വൈദ്യുതി ഭേദഗതി നിയമത്തിൽ സർചാർജ് പരിധി ഒഴിവാക്കിയിരുന്നു. എന്നാൽ, കേരളത്തിൽ ജനങ്ങൾക്ക് വൈദ്യുതി ബില്ലിന്റെ അമിത ബാദ്ധ്യത ഒഴിവാക്കാൻ പത്തു പൈസയുടെ പരിധി തുടരുകയായിരുന്നു. അതാണിപ്പോൾ ഒഴിവാക്കിയത്.
'സ്നേഹാങ്കണം' പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പുകൾക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ക്യാമ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന കർമ്മപദ്ധതിയായ 'സ്നേഹാങ്കണം' മന്ത്രി നാടിനായി സമർപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് അദ്ധ്യക്ഷനായി. സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. ദേവിപ്രിയ. ഡി മുഖ്യാതിഥിയായി. ഹയർ സെക്കൻഡറി എൻ.എസ്.എസ് അക്കാഡമിക് ആൻഡ് പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ.ഷാജിത. എസ് പങ്കെടുത്തു.
സംസ്ഥാനത്തെ 1500 അങ്കണവാടികൾ എൻ.എസ്.എസ് വോളന്റിയർമാർ ഏറ്റെടുത്ത് നവീകരിക്കുന്നതടക്കമുള്ള പദ്ധതിയാണ് സ്നേഹാങ്കണം. മുതിർന്ന പൗരന്മാരെ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനുള്ള ഡിജിറ്റൽ സാക്ഷരതാ പദ്ധതിയും കാർഷിക സംസ്കൃതിയെ വീണ്ടെടുക്കാനുള്ള വിത്തും കൈക്കോട്ടും എന്ന കർമ്മപദ്ധതിയും ഇതിന്റെ ഭാഗമാണ്. ഗ്രാമങ്ങളിലെ 25 വീടുകളിൽ വെളിച്ചമെത്തിക്കാനും ക്യാമ്പിലൂടെ ലക്ഷ്യമിടുന്നു.
2000കോടി വായ്പയെടുക്കും
തിരുവനന്തപുരം: സംസ്ഥാനസർക്കാർ 2000കോടിരൂപ കൂടി ഈ മാസം വായ്പയെടുക്കും. 30നാണ് നടപടികൾ പൂർത്തിയാക്കുക. ശമ്പള,പെൻഷൻ വിതരണത്തിനുള്ള പണം കണ്ടെത്താനാണിത്. കഴിഞ്ഞ ചൊവ്വാഴ്ച 1850കോടി വായ്പയെടുത്തതിന് പുറമെയാണിത്.