പൂനെ എം.ഐ.ടി യൂണിവേഴ്സിറ്റിയിൽ ഗവേഷണം

Saturday 27 December 2025 11:19 PM IST

പൂനെ എം.ഐ.ടി ആർട്ട്,ഡിസൈൻ & ടെക്നോളജി യൂണിവേഴ്സിറ്റിയിൽ ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഏറോസ്പേസ് എൻജിനീയറിംഗ്,ആർകിടെക്ച്ചർ,മെക്കാനിക്കൽ,സൈക്കോളജി,കെമിസ്ട്രി,മാത്തമാറ്റിക്സ്, ഡിസൈൻ ബിരുദധാരികൾക്ക് അപേക്ഷിക്കാം.പ്രതിമാസം 37000 -42000 രൂപ വരെ സ്റ്റൈപ്പന്റ് ലഭിക്കും. ഫുൾടൈം, പാർടൈം പിഎച്ച്.ഡി പ്രോഗ്രാമുകളുണ്ട്.ജനുവരി 19വരെ അപേക്ഷിക്കാം. ജനുവരി 23നുള്ള പ്രവേശനപരീക്ഷാ അടിസ്ഥാനത്തിലാണ് സെലക്ഷൻ. www. mituniversity.ac.in

മെഡിക്കൽ പി.ജി പ്രവേശനം, കട്ട് ഓഫ് മാർക്ക് കുറച്ചേക്കും:- നീറ്റ് പി.ജി 2025 അനുസരിച്ച് എം.ഡി,എം.എസ്,ഡി.എൻ.ബി മെഡിക്കൽ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള രണ്ടാം റൗണ്ട് കൗൺസലിംഗ് പ്രകാരമുള്ള റിപ്പോർട്ടിംഗ് ആരംഭിച്ചു.

ആഗസ്റ്റ് 3ന് ഒരു ഷിഫ്റ്റായി രാവിലെ 9മുതൽ 12.30വരെ നടന്ന 2025ലെ നീറ്റ് മെഡിക്കൽ പി.ജി പരീക്ഷ നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസാണ് നടത്തിയത്.രാജ്യത്തെ സർക്കാർ,സ്വാശ്രയ,ഡീംഡ്,സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എം.ഡി/എം.എസ്/ഡി.എൻ.ബി പ്രോഗ്രാമുകൾക്ക് പ്രവേശനം നീറ്റ് പി.ജി റാങ്ക്ലിസ്റ്റിൽ നിന്നാണ്. കമ്പ്യൂട്ടർ അധിഷ്ഠിത ഒബ്ജക്റ്റീവ് മാതൃകയിലുള്ള 200മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള പരീക്ഷയിൽ മൊത്തം 800 മാർക്കാണ്. മൂന്ന് ലക്ഷത്തോളം മെഡിക്കൽ ബിരുദദ്ധാരികളാണ് പരീക്ഷയെഴുതിയത്.

പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 50% കുറഞ്ഞ കട്ട് ഓഫ് മാർക്ക്. ഇത് 800ൽ 276മാർക്കാണ്. പൊതുവിഭാഗത്തിൽ PwBDയ്ക്ക് 255 ഉം, എസ്.സി /എസ്.ടി /ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് 40 പെർസെന്റിലാണ് കട്ട് ഓഫ് മാർക്ക് -235/ 800. 2024ലെ കട്ട് ഓഫിന് സമാനമാണ് 2025ലെയും കുറഞ്ഞ കട്ട് ഓഫ് മാർക്കുകൾ. www.natboard.edu.in, മൂന്നാം റൗണ്ട് കൗൺസലിംഗിന് മുമ്പായി കട്ട് ഓഫ് മാർക്ക് ഈ വർഷവും കുറയ്ക്കാനാണ് സാദ്ധ്യത.