ഫണ്ടില്ല, മുടങ്ങി 'സ്വാശ്രയ ' പദ്ധതി
ആലപ്പുഴ: തീവ്രമായ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്നവർക്ക് സ്വയംതൊഴിൽ ധനസഹായം അനുവദിക്കുന്നതിനുള്ള സാമൂഹ്യനീതി വകുപ്പിന്റെ 'സ്വാശ്രയ' പദ്ധതി പണമില്ലാത്തതിനെത്തുടർന്ന് മുടങ്ങുന്നു. കഴിഞ്ഞവർഷം അപേക്ഷിച്ച 171പേർക്ക് ധനസഹായം ലഭിച്ചിട്ടില്ല. ഈ വർഷം ഇതുവരെ 7 അപേക്ഷകളേ ലഭിച്ചുള്ളൂ. അപേക്ഷകരുടെ എണ്ണം കുറഞ്ഞതിനാൽ അപേക്ഷാകാലാവധി മാർച്ച് 31 വരെ നീട്ടും
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഒരാൾക്ക് 35,000 രൂപയെന്ന ക്രമത്തിൽ 2021-22,2022-23 വർഷങ്ങളിലായി 275 പേർക്ക് പദ്ധതിയുടെ ഭാഗമായി 96,2500 രൂപ സഹായം ലഭ്യമാക്കി. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം 2023-24 മുതൽ അപേക്ഷിച്ചവർക്ക് ധനസഹായം നൽകാൻ കഴിഞ്ഞില്ല. അപേക്ഷകളിൽ ജില്ലാ പ്രൊബേഷൻ ഓഫീസർമാരുടെ അന്വേഷണവും ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല സ്വാശ്രയ കമ്മിറ്റിയുടെ സെലക്ഷനും കഴിഞ്ഞെങ്കിലും ഫണ്ടില്ലാത്തതിനാൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകി കാത്തിരിക്കുകയാണിപ്പോൾ.
സ്വാശ്രയ പദ്ധതി
മറ്റ് ജോലികൾക്കൊന്നും പോകാനാവാതെ ഭിന്നശേഷിക്കാരെ പരിചരിച്ച് വീട്ടിൽ തന്നെ കഴിയേണ്ടി വരുന്ന മാതാപിതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ സ്വയംതൊഴിൽ കണ്ടെത്തുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കാൻ 2021ലാണ് സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിൽ സ്വാശ്രയ പദ്ധതി ആവിഷ്കരിച്ചത്.
ഫണ്ട് ലഭിച്ചാലുടൻ യോഗ്യരായ മുഴുവൻ പേർക്കും ധനസഹായം ലഭ്യമാക്കും
- ഡയറക്ടറേറ്റ്, സാമൂഹ്യനീതി വകുപ്പ്