നഗരത്തെ ക്ലീൻ സിറ്റിയാക്കും: മേയർ ഒ സദാശിവൻ

Saturday 27 December 2025 12:25 AM IST
ഒ സദാശിവൻ

കോഴിക്കോട്: കോഴിക്കോട് നഗരത്തെ ക്ലീൻ സിറ്റിയാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് കോർപറേഷന്റെ പുതിയ മേയറായി ചുമലയേറ്റെടുത്ത ഒ.സാദാശിവൻ. കക്ഷി രാഷ്ട്രീയം മറന്ന് വികസന കാര്യങ്ങളിൽ ഒറ്റക്കെട്ടായി നിന്ന് മുന്നോട്ട് പോകും. കഴിഞ്ഞ ഭരണസമിതി തുടങ്ങിവെച്ച പല പദ്ധതികളും മുന്നോട്ട് കൊണ്ടുപോകാനാണ് പ്രധാനമായും ശ്രമിക്കുക. അതിൽ നഗരത്തെ മാലിന്യ മുക്തമാക്കുന്നതിനാണ് പ്രാധാന്യം. നിലവിൽ വീടുകളും നഗരവും കേന്ദ്രീകരിച്ച് നിരവധി പദ്ധതികൾ ഉണ്ടെങ്കിലും നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനായുള്ള പരിശ്രമങ്ങൾ ജാഗ്രതയോടെ പൂർത്തിയാക്കുമെന്നും മാലിന്യ മുക്ത കോഴിക്കോടായി നഗരത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കേവല ഭൂരിപക്ഷം ഇല്ലാതെയാണ് ഇടതുപക്ഷം ഭരണത്തിലേക്ക് പ്രവേശിക്കുന്നത്. അത് അംഗീകരിക്കുന്നു. പക്ഷേ വികസന പ്രവർത്തനത്തിൽ രാഷ്ട്രീയമില്ല.

വികസനത്തിന്റെ കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ സഹകരിക്കുമെന്നാണ് പ്രതീക്ഷ. വിരളമായ കാര്യങ്ങളിൽ വിയോജിപ്പുണ്ടാകം. അത് ചർച്ചയിലൂടെ പരിഹരിക്കും.അഭിപ്രായവ്യത്യാസങ്ങളേയും എതിർപ്പുകളേയും അതിജീവിച്ച് സമന്വയ പാതയിലൂടെ കോഴിക്കോടിന് മികച്ച ഭരണം കാഴ്ച്ച വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയർ പദവി അപ്രതീക്ഷിതമായി എത്തിച്ചേർന്നതാണെന്നും പാർട്ടി തീരുമാനത്തിനനുസരിച്ച് ഉത്തരവാദിത്വത്തോടെ സ്ഥാനം ഏറ്റെടുക്കുകയാണെന്നും ഒ.സദാശിവൻ പറഞ്ഞു