അതിജീവിതയ്ക്കെതിരായ വീഡിയോ അപ്‌ലോഡ് ചെയ്തയാൾ അറസ്റ്റിൽ
Saturday 27 December 2025 12:00 AM IST
തൃശൂർ: നടിക്കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത വയനാട് സ്വദേശി അറസ്റ്റിൽ. വീഡിയോ പോസ്റ്റ് ചെയ്തതിനും സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ പ്രചരിപ്പിച്ചതിനും തൃശൂർ സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണത്തിനിടെയാണ് പ്രതിയെ അറസ്റ്റുചെയ്തത്. അതിജീവിതയെ അപകീർത്തിപെടുത്തും വിധമായിരുന്നു മാർട്ടിന്റെ വീഡിയോ. രഹസ്യ സ്വഭാവത്തിലുള്ള അന്വേഷണമായതിനാൽ പ്രതിയുടെ പേരും വിലാസവും പുറത്തുവിട്ടിട്ടില്ല. വീഡിയോ ഷെയർ ചെയ്ത ഇരുന്നൂറിലധികം സൈറ്റുകൾ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഷെയർ ചെയ്യുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖ് അറിയിച്ചു.