വി.വി. രാജേഷ് ഇങ്ങോട്ടാണ് വിളിച്ചത്: മുഖ്യമന്ത്രിയുടെ ഓഫീസ്

Saturday 27 December 2025 12:35 AM IST

തിരുവനന്തപുരം: തലസ്ഥാന നഗരസഭയിലെ ആദ്യ ബി.ജെ.പി മേയർ വി.വി. രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. രാജേഷ് മുഖ്യമന്ത്രിയെ അന്വേഷിച്ച് ഇങ്ങോട്ട് വിളിക്കുകയായിരുന്നുവെന്നും ആ ഘട്ടത്തിലാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പി.എ അറിയിച്ചു. അതുകഴിഞ്ഞ് പി.എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു. താൻ മേയർ ആയി തിരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അതുകഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ, അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു.

എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്നും അറിയിച്ചു.