ഏകാഗ്രത മനുഷ്യന് ആവശ്യം:സ്വാമി സച്ചിദാനന്ദ

Saturday 27 December 2025 1:35 AM IST

ശിവഗിരി: മനുഷ്യന് ശാന്തിയും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുവാൻ മനസിന് ഏകാഗ്രത ആവശ്യമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. 93-ാമത് ശിവഗിരി തീർത്ഥാടനകാല സമ്മേളനങ്ങളുടെ ഭാഗമായി നടന്ന ഗുരുധർമ്മപ്രബോധനം: ഗുരുദേവഉപാസന നിത്യജീവിതത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഉപാസനയുടെ ലക്ഷ്യം മനസിന്റെ ഏകാഗ്രതയാണ്. സഗുണോപാസനയും നിർഗുണോപാസനയും രണ്ട് രീതിയിലുളള ഉപാസനകളുണ്ട്. ദൈവത്തെ നാമരൂപരഹിതമായി കണ്ട് പരമപദം പരിചിന്തനം ചെയ്യുന്നതാണ് നിർഗുണോപാസന. സാധാരാണക്കാരായ ജനങ്ങൾക്ക് സഗുണോപാസനയാണ് സ്വീകാര്യം. ശിവൻ,​ സുബ്രഹ്മണ്യൻ,​ ഗണപതി തുടങ്ങിയ മൂർത്തികളെ സങ്കല്പിച്ച് മനസിനെ ഏകാഗ്രമാക്കുകയാണ് ഇത്. ഗുരുദേവൻ തിരുഅവതാരം ചെയ്ത രാവിലെ 6.15 ഉൾപെടുന്ന 6 മുതൽ 6.30 വരെയുളള സമയത്ത് ഗുരുദേവ തിരുഅവതാരധ്യാനം നടത്തുവാൻ മഠം നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഭക്തജനങ്ങൾ പ്രാർത്ഥനയിലും ധ്യാനത്തിലും ഉപാസനയിലും കഴിയണമെന്ന് സ്വാമി പറഞ്ഞു. ഗുരുധർമ്മപ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അദ്ധ്യക്ഷത വഹിച്ചു. സ്വാമി ദിവ്യാനന്ദഗിരി മുഖ്യപ്രഭാഷണം നടത്തി. ഗുരുദർശന രഘന,​ധന്യബെൻസാൽ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. രക്തദാനക്യാമ്പിന്റെ ഉദ്ഘാടനം വർക്കല ഡിവൈ.എസ്.പി ബിയഗോപകുമാർ നിർവഹിച്ചു. ജി.ഡി.പി.എസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിശ്വംഭരൻ സ്വാഗതവും സൂചീന്ദ്രബാബു നന്ദിയും പറഞ്ഞു.