അഡ്വ.പി.ഇന്ദിര കണ്ണൂർ മേയർ
കണ്ണൂർ: കോണഗ്രസിലെ അഡ്വ. പി.ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയറായി ചുമതലയേറ്റു. 56 അംഗ കോർപറേഷൻ കൗൺസിലിൽ നടന്ന തിരഞ്ഞെടുപ്പിൽ 36 വോട്ടുകൾ നേടിയാണ് വിജയം. എൽ.ഡി.എഫിലെ വി.കെ.പ്രകാശിനിക്ക് 15 വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.അർച്ചന വണ്ടിച്ചാലിന് നാല് വോട്ടുകളും ലഭിച്ചു.
വാരം വാർഡ് കൗൺസിലറായ മുസ്ലീം ലീഗിലെ കെ.പി.താഹിർ 35 വോട്ടുകൾ നേടി ഡെപ്യൂട്ടി മേയറായി. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ മേയർ പി.ഇന്ദിരയുടെ വോട്ട് ക്രോസ് മാർക്ക് ചെയ്യേണ്ടിടത്ത് ഒപ്പിട്ടതിനാൽ അസാധുവായി.
ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ.
കഴിഞ്ഞ ഭരണസമിതിയിലെ
ഡെപ്യൂട്ടി മേയർ
2015ൽ കണ്ണൂർ കോർപ്പറേഷൻ രൂപീകരിച്ചതുമുതൽ തുടർച്ചയായി കൗൺസിലിലെത്തിയ ഇന്ദിര കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഡെപ്യൂട്ടി മേയറായിരുന്നു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്.യു ജില്ലാ സെക്രട്ടറി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ലോയേഴ്സ് കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നിങ്ങനെ വിവിധ സംഘടനാ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1991ൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലും 2011ൽ കല്യാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്.വെങ്ങരയിലെ പരേതരായ ബാലകൃഷ്ണൻ-ശാന്ത പരത്തി ദമ്പതികളുടെ മകളാണ്. ഭർത്താവ് കെ.വി.പ്രേമാനന്ദൻ. . അക്ഷത, നീരജ എന്നിവർ മക്കൾ.