തങ്ക അങ്കി പ്രഭയിൽ സന്നിധാനം, ഇന്ന് മണ്ഡലപൂജ

Saturday 27 December 2025 12:38 AM IST

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി കുറിച്ച് ഇന്നു രാവിലെ 10.10നും 11.30 നും മദ്ധ്യേ ശബരീശ സന്നിധിയിൽ മണ്ഡലപൂജ നടക്കും. ഇന്നലെ അയ്യപ്പന് തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തി. 23ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തങ്ക അങ്കി രഥ ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തി. മന്ത്രി വി.എൻ.വാസവൻ, ജില്ലാകളക്ടർ എസ്. പ്രേംകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗണപതി കോവിലിൽ തങ്കഅങ്കി ഭക്തർക്ക് ദർശനത്തിനായി തുറന്നുവച്ചു.

വൈകിട്ട് 3ന് തങ്ക അങ്കി പ്രത്യേക പേടകത്തിൽ അടക്കം ചെയ്ത് ഒൻപത് ഗുരുസ്വാമിമാർ തലയിലേന്തി സന്നിധാനത്തേക്ക് തിരിച്ചു. പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലെത്തിയ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, അംഗങ്ങളായ അഡ്വ.കെ.രാജു, അഡ്വ.പി.ഡി.സന്തോഷ് കുമാർ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, എ.ഡി.എം അരുൺ എസ്.നായർ, എ.ഡി.ജി.പി.എസ്.ശ്രീജിത്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ച് സോപാനത്തേക്ക് എത്തിച്ചു.

തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി എന്നിവർ ചേർന്ന് പേടകം ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. തങ്ക അങ്കി ചാർത്തിയശേഷം ദീപാരാധന നടത്തി. തങ്ക അങ്കി പ്രഭചൊരിയുന്ന അയ്യപ്പ വിഗ്രഹം കണ്ട് ഭക്തർ ആത്മനിർവൃതിയടഞ്ഞു.

ദർശനത്തിന് നിയന്ത്രണം

തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് വെർച്വൽ ക്യൂ ബുക്കിംഗിലൂടെ ഇന്നലെ 30,​000 പേർക്ക് മാത്രമായിരുന്നു ദർശനത്തിന് അനുമതി. സ്‌പോട്ട് ബുക്കിംഗിലൂടെ 5000പേർക്കും. ഇന്ന് വെർച്വൽ ക്യൂ ബുക്കിംഗിലൂടെ 35,​000 പേർക്ക് ദർശനം നടത്താം. സ്പോട്ട് ബുക്കിംഗ് രണ്ടായിരമായി നിജപ്പെടുത്തി. ഇന്ന് രാത്രി ദീപാരാധനവരെ ഭക്തർക്ക് തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാദ്ധ്യമാകും. ദീപാരാധനയ്ക്കുശേഷം അയ്യപ്പ വിഗ്രഹത്തിൽ നിന്ന് തങ്ക അങ്കി അഴിച്ചുമാറ്റും. പുഷ്പാഭിഷേകത്തിനും അത്താഴ പൂജയ്ക്കും ശേഷം രാത്രി 11ന് നടയടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി 30ന് തുറക്കും.