അസ്വസ്ഥത പടർന്ന് കോൺഗ്രസ്

Saturday 27 December 2025 12:00 AM IST

തിരുവനന്തപുരം: തികഞ്ഞ ആത്മവിശ്വാസത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള എല്ലാ സാഹചര്യവും ഒത്തു വന്നപ്പോൾ കോൺഗ്രസിനുള്ളിൽ പടലപ്പിണക്കം.

ഭരണം തിരിച്ചുപിടിച്ച കൊച്ചി, തൃശൂർ കോപ്പറേഷനുകളിൽ മേയറെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട പുകച്ചിലാണ് അലോസരമായത്. നിയമസഭാ തിരഞ്ഞെടുപ്പിലെ നായകത്വം സംബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളാണ് മറ്റൊരു തലവേദന.

യു.ഡി.എഫ് വിപുലീകരണത്തിന് തുടക്കമിടുകയും ചില പാർട്ടികളെ യു.ഡി.എഫിലേക്ക് എത്തിക്കാനുള്ള തന്ത്രപരമായ നീക്കങ്ങൾ പുരോഗമിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള അപ്രതീക്ഷിത കല്ലുകടി. എൽ.ഡി.എഫ് ഘടക കക്ഷിയായ കേരള കോൺഗ്രസ് എമ്മിനെ കൊണ്ടുവരാൻ അങ്ങോട്ടു പോയി ചർച്ചയില്ലെന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ട്. വന്നാൽ സ്വീകരിക്കുന്നതിന് മടിയുമില്ല.എൽ.ഡി.എഫിനൊപ്പം നിൽക്കുന്ന, മറ്റുചില 'ബ്രായ്ക്കറ്റ്' പാർട്ടികളുമായും ആശയവിനിമയം നടന്നതായി സൂചനയുണ്ട്. ഈ നീക്കങ്ങൾ ദുർബലമാക്കുന്ന വിവാദങ്ങൾ വരുന്നതിൽ കെ.പി.സി.സി നേതൃത്വത്തിന് അമർഷമുണ്ട്.

അസ്വസ്ഥമായി

കൊച്ചിയും തൃശൂരും

കൊച്ചി മേയറാവുമെന്ന് കരുതിയിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഒഴിവാക്കപ്പെട്ടതിന്റെ പതംപറച്ചിൽ തുടരുകയാണ്. ദീപ്തി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. അജയ് തറയിൽ, മാത്യുകുഴൽനാടൻ എം.എൽ.എ തുടങ്ങിയവർ ദീപ്തിയെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തു. മേയറായ വി.കെ.മിനിമോളെ ഷാൾ അണിയിച്ച് അഭിനന്ദിച്ച ദീപ്തി, സത്യപ്രതിജ്ഞാ ചടങ്ങിന് നിൽക്കാതെ സ്ഥലം വിട്ടു.

തൃശൂരിൽ പണം വാങ്ങി മേയർസ്ഥാനം വിറ്റെന്ന ഗുരുതര ആരോപണമാണ് കൗൺസിലർ ലാലി ജയിംസ് ഉന്നയിക്കുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി എന്നിവരെ പ്രതിസ്ഥാനത്തു നിർത്തുന്ന ലാലി , അച്ചടക്ക നടപടിയുമായി വന്നാൽ പല വെളിപ്പെടുത്തലുകളും നടത്തുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.

നായകനെ ചൊല്ലിയും പോര്

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് നേരിടുന്ന പതിവ് കോൺഗ്രസിനില്ലെന്ന് പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും ഉൾപ്പെടെയുള്ളവർ ആവർത്തിക്കുമ്പോഴാണ് , കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുപോലുമില്ലാതിരുന്ന വി.എം.സുധീരൻ, എം.എം.ഹസൻ ഉൾപ്പെടെയുള്ളവരെ കളത്തിലിറക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. മുഖ്യമന്ത്രി പദത്തിലേക്ക് പല മുതിർന്ന നേതാക്കൾക്കും നോട്ടമുള്ളതിനാൽ ഉയരാവുന്ന തർക്കങ്ങൾ ഇല്ലാതാക്കാനാണ് നല്ല ഇമേജുള്ള നേതാക്കളെ ഇറക്കുന്നതെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. ഇത്തരത്തിലുള്ള ഒരുവിധ ചർച്ചയും കെ.പി.സി.സി നേതൃത്വം നടത്തിയിട്ടില്ലെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും നിഷേധിക്കാനും തയ്യാറാവുന്നില്ലെന്നതാണ് വസ്തുത.