കോർപറേറ്റുകളുടെ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ഡി. രാജ

Saturday 27 December 2025 12:00 AM IST

ന്യൂഡൽഹി: ജനങ്ങളുടെയല്ല, കോർപറേറ്റുകളുടെ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ ഡൽഹിയിൽ പറഞ്ഞു. പാർട്ടി ദേശീയ ആസ്ഥാനമായ അജോയ് ഭവനിൽ

സി.പി.ഐ ശതാബ്‌ദി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പാർട്ടി പാരമ്പര്യവും ഭാവിയും' എന്ന വിഷയത്തിലായിരുന്നു സെമിനാർ. സ്വകാര്യവത്കരണമാണ് നടക്കുന്നത്. ഭരണഘടനയെ മാനിക്കാത്തവരാണ് ബി.ജെ.പിയും ആർ.എസ്.എസും. എന്നിട്ടവർ പാർലമെന്റിൽ 'വന്ദേമാതരം' വിഷയത്തിൽ ചർച്ച നടത്തുന്നു. നൂറുവർഷത്തെ മഹത്തായ ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. സോഷ്യലിസ്റ്റ് ഇന്ത്യയെന്നതാണ് ലക്ഷ്യം. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനും രാജ്യത്തെ ഏറ്റവും കരുത്തുറ്റ പാർട്ടിയായി മാറ്രാനും പ്രവർത്തകരോടും നേതാക്കളോടും ഡി. രാജ ആഹ്വാനം ചെയ്‌തു. ദേശീയ സെക്രട്ടറിമാരായ ആനി രാജ, കെ. പ്രകാശ് ബാബു, എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജീത് കൗർ, ഡൽഹി ഘടകം സെക്രട്ടറി പ്രൊഫ. ദിനേഷ് ചന്ദ്ര വർഷ്നേയ എന്നിവർ സംസാരിച്ചു.