പ്രാർത്ഥന സഫലം, ജലരാജാക്കന്മാർ ശബരിമലയിലെത്തി

Friday 26 December 2025 11:51 PM IST

ശബരിമല: ആലപ്പുഴ പുന്നമടക്കായലിലെ ജലരാജാക്കന്മാർ നെഹ്റു ട്രോഫിയുമായി അയ്യന്റെ സന്നിധിയിലെത്തി. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കുമൊടുവിലാണ് 2025ലെ നെഹ്രു ട്രോഫി ആലപ്പുഴ വില്ലേജ് ബോട്ട് ക്ലബ് ഇക്കുറി കരസ്ഥമാക്കിയത്. മത്സരത്തിൽ വിജയിച്ചാൽ നെഹ്രു ട്രോഫിയുമായി ശബരിമലയിലെത്താമെന്ന നേർച്ചയുടെ പൂർത്തീകരണത്തിനാണ് ക്ലബ് അംഗങ്ങൾ കഴിഞ്ഞ ദിവസം ഇരുമുടികെട്ടിനൊപ്പം നെഹ്റു ട്രോഫിയും തലയിലേന്തി മലകയറിയത്. വി.ബി.സിയുടെ എക്സിക്യൂട്ടീവ് അംഗം വിബിനാണ് സംഘത്തിന് നേതൃത്വം നൽകിയത്. 23 വർഷമായി ശബരിമല ദർശനം നടത്തുന്ന വിബിനും സംഘത്തിനുമൊപ്പം മകൾ അലംകൃത, ജലോത്സവ പ്രേമിയും വി.ബി.സി ഫാൻസ് അംഗവുമായ സൂര്യ എന്നിവരുമുണ്ടായിരുന്നു. ക്ലബിന് വേണ്ടി വിവിധ പഴിപാടുകളും നടത്തിയാണ് സംഘം മടങ്ങിയത്. 1987ന് ശേഷം നീണ്ട കാത്തിരിപ്പിനൊടുവിൽ മിന്നും പ്രകടനത്തോടെയാണ് വി.ബി.സി നെഹ്രു ട്രോഫി കരസ്ഥമാക്കിയത്. ഒരു നാടിന്റെ ഒന്നാകെയുള്ള പ്രാർത്ഥനയും ചിട്ടയായ പരിശീലനവും വിജയത്തിലേക്കുള്ള വാതിൽ തുറക്കുകയായിരുന്നു. തുടർച്ചയായുള്ള സി.ബി.എൽ മത്സരങ്ങളിലും ഇവരുടെ മിന്നും പ്രകടനം തന്നെയാണ് ജലോത്സവ പ്രേമികൾക്ക് കാണുവാൻ കഴിഞ്ഞത്. മാറ്റിവച്ച സി.ബി.എൽ മത്സരങ്ങൾ പ്രഖ്യാപിക്കുന്നതോടെ അയ്യന്റെ അനുഗ്രഹത്താൽ അവിടെയും വെന്നിക്കൊടി പാറിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടീമംഗങ്ങൾ