ജനവാസ മേഖലയിൽ മാലിന്യം തള്ളാനെത്തിയ വാഹനം അപകടത്തിൽപ്പെട്ടു
കുന്നത്തൂർ: ശൂരനാട് തെക്ക് കിടങ്ങയം പതിനാറാം വാർഡിൽ വലിയച്ഛൻനട ക്ഷേത്രത്തിന് സമീപം കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ തടയാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് സംഭവം. മാലിന്യം തള്ളുന്നത് കണ്ട നാട്ടുകാർ തടയാൻ ശ്രമിച്ചതോടെ അമിതവേഗതയിൽ ഓടിച്ചുപോയ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് വാഹനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ ലോറിയിലുണ്ടായിരുന്ന സംഘം വാഹനം ഉപേക്ഷിച്ച് സ്ഥലത്തുനിന്നും കടന്നുകളഞ്ഞു. ഈ പ്രദേശത്ത് സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണെന്നും മുൻപ് ഇത് ചോദ്യം ചെയ്ത നാട്ടുകാരെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ജനവാസ മേഖലയിൽ രാത്രികാലങ്ങളിൽ മാലിന്യം ഒഴുക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ ആരോപിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശൂരനാട് പൊലീസ് പ്രാഥമിക പരിശോധന നടത്തി വാഹനം കസ്റ്റഡിയിലെടുത്തു.