കള്ള് ചെത്ത് പഠിക്കാം ഒരു രൂപ ഫീസില്ലാതെ; പണം ഇങ്ങോട്ട് കിട്ടും

Saturday 27 December 2025 12:30 AM IST

കള്ള് ചെത്ത് കോഴ്‌സുമായി കാര്‍ഷിക യൂണിവേഴ്‌സിറ്റിയും ടോഡിബോര്‍ഡും

കൊച്ചി: കേരള കാര്‍ഷിക സര്‍വകലാശാല കള്ള് ചെത്താനും പഠിപ്പിക്കും. കേരള ടോഡിബോര്‍ഡാണ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഒരു മാസത്തെ ടോഡി ടെക്‌നീഷ്യന്‍ കോഴ്‌സ് ആവിഷ്‌കരിച്ചത്. ടോഡി ബോര്‍ഡിന്റെ പദ്ധതി റിപ്പോര്‍ട്ടിന് എക്‌സൈസ് വകുപ്പ് കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കി. കള്ള് വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ചെത്തുകാരുടെ അഭാവം.

തിരുവനന്തപുരം വെള്ളായണി കാമ്പസില്‍ മൂന്ന് മാസത്തിനകം തുടക്കമാകും. ജീന്‍സും ടീഷര്‍ട്ടുമായി 'ചെത്തി' നടക്കുന്ന 'ജെന്‍സി'ക്കിടയില്‍ ചെത്തുകൂടും കള്ളുകുടവുമായി ന്യൂജെന്‍ ചെത്തുകാരും കറങ്ങിനടക്കും.

കാമ്പസിലെ തെങ്ങുകളിലാണ് ചെത്ത് പരിശീലനം. തിയറി ക്‌ളാസ് രണ്ട് സര്‍വകലാശാല അദ്ധ്യാപകര്‍ പഠിപ്പിക്കും. പ്രായോഗിക പരിശീലനം നല്‍കാനായി പരമ്പരാഗത 'ചെത്ത് ആശാന്മാ'രെ നിയോഗിക്കും.

വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടോഡിബോര്‍ഡാണ് ടോഡി ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക. അപേക്ഷാവിജ്ഞാപനം ഉടനെയുണ്ടാകും. 18-45 ആണ് പ്രായപരിധി. ആവശ്യമെങ്കില്‍ മറ്റ് ജില്ലകളിലും കോഴ്‌സ് സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്.

ചെത്ത് പഠനം സൗജന്യം, 10,000 രൂപ സ്‌റ്റൈപ്പന്‍ഡും

ടോഡി ടെക്‌നീഷ്യന്‍ കോഴ്‌സ് തീര്‍ത്തും സൗജന്യമാണ്. ഒരുബാച്ചില്‍ 30പേര്‍ക്കാണ് പ്രവേശനം. പഠിതാക്കളുടെ താമസവും ഭക്ഷണവും ഉള്‍പ്പെടെ എല്ലാ ചെലവുകളും ടോഡിബോര്‍ഡ് വഹിക്കും. ഒരാള്‍ക്ക് ഒരുമാസത്തേക്ക് 10,000രൂപ സ്‌റ്റൈപ്പന്‍ഡും നല്‍കും.

കള്ള് വ്യവസായത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ടോഡി ടെക്‌നീഷ്യന്‍ കോഴ്‌സ്. പരമ്പരാഗത ചെത്തുകാര്‍ ഇല്ലാതാവുകയാണ്. സ്റ്റാര്‍ ഷാപ്പും റെസ്റ്റോറന്റും തുടങ്ങാന്‍ തടസം ചെത്തുകാരുടെ അഭാവമാണ്.- യു.പി.ജോസഫ്, ചെയര്‍മാന്‍, കേരള കള്ളുവ്യവസായ വികസനബോര്‍ഡ്