തൊഴിലുറപ്പ് പദ്ധതിയുടെ നിലനിൽപ്പ് സംശയ നിഴലിൽ: കെ.സി. വേണുഗോപാൽ

Saturday 27 December 2025 12:40 AM IST
മേയർ എ.കെ. ഹഫീസ് ഉൾപ്പെടെയുള്ളവർക്ക് നൽകിയ പൗര സ്വീകരണം എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പുതിയ നിയമം വന്നതോടെ തൊഴിലുറപ്പ് പദ്ധതിയുടെ നിലനിൽപ്പ് സംശയ നിഴലിലാണെന്ന് ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. മേയറായി തിരഞ്ഞെടുക്കപ്പെട്ട എ.കെ. ഹഫീസിന് നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേരുമാറ്റുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഗ്രാമങ്ങളെ ശക്തിപ്പെടുത്താനാണ് യു.പി.എ സർക്കാർ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. പാവങ്ങളുടെ ജീവിതം തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായി പോരാടും. തിരഞ്ഞെടുപ്പുകളിൽ ജയം എളുപ്പമാണ്. നിലനിറുത്തുകയാണ് പ്രയാസം. വികസനത്തിനപ്പുറം ജനങ്ങളുടെ ക്ഷേമം അടക്കമുള്ള ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കണം. തിരഞ്ഞെടുപ്പുകളെപ്പോലും വിഭജനത്തിനായി ഉപയോഗിക്കുന്ന കാലമാണ്. പക്ഷെ ജനങ്ങൾ ആഗ്രഹിക്കുന്നത് വികസനവും ജനപക്ഷ നിലപാടുകളുമാണെന്നതിന്റെ തെളിവാണ് തദ്ദേശ തിര‌ഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മേയർ എ.കെ. ഹഫീസ് സ്വാഗതം പറഞ്ഞു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഡെപ്യൂട്ടി മേയർ ഡോ. കരുമാലിൽ ഉദയസുകുമാരൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എം. നസീർ, സൂരജ് രവി, പി. ജർമിയാസ്‌ തുടങ്ങിയവർ പങ്കെടുത്തു.