കരോൾ സംഘങ്ങൾ ഏറ്റുമുട്ടി, 10പേർ ആശുപത്രിയിൽ
ചാരുംമൂട് : കരിമുളയ്ക്കലിൽ കരോൾ സംഘങ്ങൾ ഏറ്റുമുട്ടിയതിനെത്തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം 10 ഓളം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ അറസ്റ്റിലായ 18പേരെ കോടതി റിമാൻഡ് ചെയ്തു.
ബുധനാഴ്ച രാത്രി 11 മണിയോടെ തടത്തിവിള ജംഗ്ഷനിൽ യുവ, ലിബർട്ടി ക്ളബുകൾ അവതരിപ്പിച്ച കരോളിനിടെയായിരുന്നു സംഘർഷം. യുവക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 50 ഓളംപേരാണ് കരോൾ സംഘത്തിലുണ്ടായിരുന്നത്. യുവ ക്ലബ്ബ് പിളർന്ന് രൂപീകരിച്ച ലിബർട്ടി ക്ലബ്ബും കരോളിന് ഇറങ്ങി. യുവ ക്ലബ്ബിന്റെ കരോൾ സംഘത്തെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയതെന്ന് എഫ് .ഐ.ആറിൽ പറയുന്നു. യുവക്ലബ്ബിലുള്ള കരിമുളയ്ക്കൽ എസ്.എ മൻസിലിൽ അബ്ദുൽ സലാം (47), ശ്രീഗണപതിയിൽ വിനേഷ് (41), ഭാര്യ കീർത്തി (33), മക്കളായ ശ്രീഗണേഷ് (13), ശ്രാവൺ (5),ചിത്രദർശിൽ നയന (28),മകൾ താമര (6) ,രാജു ഷാലയം മോനിഷ (31), ക്ലബ്ബംഗം സിയാദ് (25) എന്നിവരാണ് നൂറനാട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ളത്. കമ്പിവടി,കല്ല്, തടിക്കഷണം മുതലായവ ഉപയോഗിച്ചായിരുന്നു അക്രമം.
ലിബർട്ടി ക്ലബ്ബംഗങ്ങളായ ശ്യാംലാൽ (33),അഖിൽ.ജി (29), ഷാബു (44) ,ഹരികൃഷ്ണൻ (27) ,സനു (25), അഭിനാഥ് (19),ഷംനാസ് (19) ,ധീരജ് (20), അനന്തു (25),ഋഷി മാധവ് (28) ,ജിത്തു എസ് (24) ,ശ്രീമോൻ (18) ,അമൽ. എ (24) ,അമിത്ത് (19) ,ആരോമൽ (20), സിദ്ദിഖ് (21) ,അശ്വിൻ (25) ,അഖിലേഷ് (22) എന്നിവരാണ് റിമാൻഡിലായത്.