കൊച്ചി അടക്കം 48 നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ ട്രെയിൻ
ന്യൂഡൽഹി: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കൊച്ചി അടക്കം രാജ്യത്തെ 48 പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ട്രെയിൻ കണക്‌ടിവിറ്റി ഇരട്ടിയാക്കാനുള്ള പദ്ധതിയുമായി റെയിൽവേ. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റൽ, തിരക്ക് കുറയ്‌ക്കൽ, രാജ്യവ്യാപകമായി കണക്ടിവിറ്റി മെച്ചപ്പെടുത്തൽ എന്നിവയാണ് ലക്ഷ്യമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ‌്‌ണവ് അറിയിച്ചു. ഇതിനു പുറമെ സോൺ അടിസ്ഥാനത്തിൽ ട്രെയിൻ ശേഷി വർദ്ധിപ്പിക്കാനുള്ള പദ്ധതിയും നടപ്പാക്കും.
കണക്‌ടിവിറ്റി കൂട്ടുന്നതിന് മുന്നോടിയായി 48 റെയിൽവേ സ്റ്റേഷനുകളിലും അധിക പ്ലാറ്റ്‌ഫോമുകൾ, സ്റ്റേബിളിംഗ് ലൈനുകൾ, പിറ്റ് ലൈനുകൾ, മതിയായ ഷണ്ടിംഗ് സൗകര്യങ്ങൾ തുടങ്ങിയവ ഉറപ്പാക്കും. നിലവിലെ സ്‌റ്റേഷനുകൾക്ക് സമീപം പുതിയ ടെർമിനലുകൾ തുടങ്ങും. മെഗാ കോച്ചിംഗ് കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണി സൗകര്യങ്ങളും ഏർപ്പെടുത്തും.
സിഗ്നലിംഗ് നവീകരിച്ച് കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ മൾട്ടിട്രാക്കിംഗ് സംവിധാനവും കൊണ്ടുവരും. ടെർമിനലുകൾക്കൊപ്പം ചുറ്റുമുള്ള സ്റ്റേഷനുകളുടെ ശേഷിയും വർദ്ധിപ്പിക്കും.